നടിയെ ആക്രമിച്ച കേസ്; മുൻ DGP ആർ ശ്രീലേഖയ്ക്ക് വിചാരണ കോടതിയുടെ നോട്ടീസ്

നടിയെ ആക്രമിച്ച കേസിൽ മുൻ DGP ആർ ശ്രീലേഖയ്ക്ക് നോട്ടീസ്. കോടതിയലക്ഷ്യ ഹർജിയിലാണ് വിചാരണ കോടതി നോട്ടീസയച്ചത്. പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞത് കോടതിയലക്ഷ്യമാണെന്നായിരുന്നു നടിയുടെ പരാതി. നടിയാണ് കോടതിയെ സമീപിച്ചത്. തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്ന നടിയുടെ ഹർജി നാളെ പരിഗണിക്കാൻ മാറ്റി.

കേസിലെ പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖ അവകാശപ്പെട്ടിരുന്നു. പിന്നാലെ വിചാരണ അന്തിമഘട്ടത്തിലേക്ക് കടക്കെ പരാമർശം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത പരാതി നൽകിയത്.

അതേസമയം, നടിയെ ആക്രമിച്ച കേസ് തുറന്ന കോടതിയിലേക്കെന്നാണ് സൂചന. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയിൽ ഹർജി നൽകി.

വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമ വാ​ദം നടത്തണമെന്നാണ് അതിജീവിത ഹർജിയിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്. കേസിൽ കഴിഞ്ഞ ദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവർക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചത്. നടിയെ ആക്രമിച്ച കേസിൽ ദിലീപടക്കമുള്ള പ്രതികൾക്കെതിരായ വിചാരണ അന്തിമവാദത്തിലേക്ക് കടക്കുമ്പോഴാണ് അതിജീവിത രാഷ്ട്രപതിക്ക് പരാതി നൽകിയിരിക്കുന്നത്.

2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു.

ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണവുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലാത്തവരെ ഒഴിവാക്കണമെന്ന് ഹർജിക്കാർ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. സ്വകാര്യത സൂക്ഷിക്കുമെന്ന ഉറപ്പിലാണ് മൊഴികൾ നൽകിയതെന്നാണ് ഇവരുടെ വാദം. ഹർജികൾ ഈ മാസം 19ന് പരിഗണിക്കാൻ മാറ്റി.

 

Be the first to comment

Leave a Reply

Your email address will not be published.


*