നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ വിധി ഇന്ന്

കൊച്ചിയിൽ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മെമ്മറി കാർഡ് അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെയും കസ്റ്റഡിയിലിരിക്കെ 2018 ജനുവരി ഒമ്പതിനും ഡിസംബർ 13നും പരിശോധിച്ചതായി കണ്ടെത്തിയത് ചൂണ്ടിക്കാട്ടി നടി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ. ബാബു വിധി പറയുക.

എന്നാൽ, കേസിന്റെ വിചാരണ നടപടികൾ നീട്ടിക്കൊണ്ടു പോകാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് കേസിൽ പ്രതിയായ നടൻ ദിലീപിന്‍റെ വാദം. കേസിൽ പോലീസ് അന്വേഷണം എന്ന ആവശ്യം നീതിനിർവഹണത്തിലുള്ള ഇടപെടലാകുമോ എന്നതടക്കമുളള വിഷയം കോടതി പരിശോധിച്ചിരുന്നു. രാത്രിയിലാണ് രണ്ടു തവണയും കാർഡ് പരിശോധിച്ചിട്ടുള്ളതെന്നും ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് നടി അന്വേഷണം വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ കേസിലെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അമിക്കസ് ക്യൂറിയായി അഡ്വ. രഞ്ജിത്ത് മാരാരെ ഹൈക്കോടതി നിയമിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ അവസാനഘട്ടത്തിലാണ്. അതിനാൽ കീഴ് കോടതിയിൽ വിസ്താരം പൂര്‍ത്തികുന്നത് വരെ വാദം നിര്‍ത്തിവയ്ക്കണം എന്ന് എട്ടാം പ്രതിയായ ദിലീപ് ആവശ്യപ്പെട്ടിരുന്നു. എഫ്എസ്എല്ലിലെ രണ്ട് ഉദ്യോഗസ്ഥരുടെ വിസ്താരത്തിന് ശേഷം മാത്രമേ ഹര്‍ജി പരിഗണിക്കാവൂ എന്നായിരുന്നു ആവശ്യം. എന്നാൽ ഹൈക്കോടതി ഇക്കാര്യം അനുവദിച്ചില്ല.

ഹൈക്കോടതി സ്വമേധയാ ഇടപെടണമെന്നായിരുന്നു നടിയുടെ ആവശ്യം. എഫ്എസ്എൽ റിപ്പോർട്ട് പ്രകാരം മെമ്മറി കാർഡിന്ർറെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന് നടി കോടതിയെ അറിയിച്ചു. വിചാരണ വൈകിപ്പിക്കാൻ നീക്കമല്ലെന്നും നടി കോടതിയെ അറിയിച്ചു. മെമ്മറി കാർഡ് വിവോ മൊബൈൽ ഫോണിലിട്ട് പരിശോധിച്ചതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്നുമായിരുന്നു നടിയുടെ ആവശ്യം.

Be the first to comment

Leave a Reply

Your email address will not be published.


*