‘ഇത് ഗാസയിൽ ജീവൻ നഷ്ടമായ കുഞ്ഞുങ്ങൾക്ക് സമർപ്പിക്കുന്നു’; ഫിലിം ഫെയർ പുരസ്‌കാരം ഏറ്റുവാങ്ങി രാജശ്രീ ദേശ്പാണ്ഡെ

ഒടിടി വിഭാഗത്തിലുള്ള ഫിലിം ഫെയറിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ഗാസയിൽ ജീവൻ നഷ്ടമായ കുഞ്ഞുങ്ങൾക്ക് സമർപ്പിച്ച് നടി രാജശ്രീ ദേശ്പാണ്ഡെ. നെറ്റ്ഫ്‌ളിക്‌സ് സീരിസായ ‘ട്രയൽ ബൈ ഫയർ’ എന്ന വെബ് സീരീസിലെ അഭിനയത്തിനാണ് രാജശ്രീ പുരസ്‌കാരത്തിന് അർഹയായത്.

ഗ്രാമങ്ങളിൽ പണിയെടുക്കുന്ന കർഷകർക്കും താരം തന്റെ പുരസ്‌ക്കാരം സമർപ്പിച്ചു. നിരവധി സിനിമകളിലും സേക്രഡ് ഗെയിംസ്, ദി ഫെയിം ഗെയിം തുടങ്ങിയ സീരിസുകളിലൂടെയും പ്രശസ്തയാണ് രാജശ്രീ ദേശ്പാണ്ഡെ. നീലം, ശേഖർ കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് രചിച്ച ‘ട്രയൽ ബൈ ഫയർ: ദി ട്രാജിക് ടെയിൽ ഓഫ് ദി ഉപഹാർ ഫയർ ട്രാജഡി’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് നെറ്റ്ഫിള്ക്‌സ് സീരിസ് ഒരുക്കിയിരിക്കുന്നത്.

പ്രശാന്ത് നായർ, കെവിൻ ലുപെർചിയോ എന്നിവർ രചിച്ച് പ്രശാന്ത് നായർ, രൺദീപ് ഝാ, അവനി ദേശ്പാണ്ഡെ എന്നിവർ സംവിധാനം ചെയ്ത സീരിസിൽ രാജശ്രീക്കൊപ്പം അഭയ് ഡിയോൾ ആശിഷ് വിദ്യാർത്ഥി , അനുപം ഖേർ, രാജേഷ് തൈലാംഗ് , രത്ന പഥക് , ശിൽപ ശുക്ല , ശാർദുൽ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

1997 ൽ ഡൽഹിയിലെ ഉപഹാർ തിയേറ്ററിൽ ഉണ്ടായ തീപിടിത്തത്തിൽ 59 പേർ ശ്വാസം മുട്ടി മരിച്ച സംഭവമാണ് സീരിസായിരിക്കുന്നത്. അപകടത്തിൽ രണ്ട് മക്കളെ നഷ്ടമായ നീലവും ശേഖർകൃഷ്ണമൂർത്തിയും നടത്തിയ നിയമപോരാട്ടത്തിന്റെ കൂടി കഥയാണ് സീരിസ് പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*