കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വ്യവസായി രാജ് കുന്ദ്രയുടെയും ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയുടേയും 98 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ശില്‍പ ഷെട്ടിയുടെ മുംബൈയിലെ ജുഹുവിലുള്ള റെസിഡന്‍ഷ്യല്‍ ഫ്‌ളാറ്റും പൂനെയിലെ ഒരു റെസിഡന്‍ഷ്യല്‍ ബംഗ്ലാവും ഉള്‍പ്പെടുന്നുണ്ട്.
ബിറ്റ്‌കോയിനുകള്‍ ഉപയോഗിച്ച് നിക്ഷേപകരുടെ ഫണ്ട് തട്ടിച്ചതായിരുന്നു കേസ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിൻ്റെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ പ്രകാരം 97.79 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ താല്‍ക്കാലിക അറ്റാച്ച്‌മെന്റ് ഉത്തരവാണ് ഇഡി പുറപ്പെടുവിച്ചത്. വേരിയബിള്‍ ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി, അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ഭരദ്വാജ്, സിമ്പി ഭരദ്വാജ്, മഹേന്ദര്‍ ഭരദ്വാജ്, കൂടാതെ നിരവധി ഏജന്റുമാര്‍ എന്നിവര്‍ക്കെതിരെ മഹാരാഷ്ട്ര പോലീസിൻ്റെയും ഡല്‍ഹി പോലീസിൻ്റെയും എഫ്‌ഐആറുകളാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിൻ്റെ ആധാരം.
ബിറ്റ്‌കോയിനുകളുടെ രൂപത്തില്‍ പ്രതിമാസം 10 ശതമാനം റിട്ടേണ്‍ നല്‍കാമെന്ന തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കപ്പെട്ട പൊതുജനങ്ങളില്‍ നിന്ന് ബിറ്റ്‌കോയിനുകളുടെ രൂപത്തില്‍ 2017-ല്‍ 6,600 കോടി രൂപ വിലമതിക്കുന്ന ഫണ്ടുകള്‍ ശേഖരിച്ചെന്നും അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. പ്രൊമോട്ടര്‍മാര്‍ നിക്ഷേപകരെ കബളിപ്പിച്ചുവെന്നും അനധികൃതമായി സമ്പാദിച്ച ബിറ്റ്‌കോയിനുകള്‍ അവ്യക്തമായ ഓണ്‍ലൈന്‍ വാലറ്റുകളില്‍ മറച്ചുവെക്കുകയാണെന്നും ഇഡി ആരോപിച്ചു.
ഉക്രെയ്‌നില്‍ ബിറ്റ്‌കോയിന്‍ മൈനിംഗ് ഫാം സ്ഥാപിക്കുന്നതിനായി ഗെയിന്‍ ബിറ്റ്‌കോയിന്‍ പോണ്‍സി അഴിമതിയുടെ സൂത്രധാരനും പ്രമോട്ടറുമായ അമിത് ഭരദ്വാജില്‍ നിന്ന് രാജ് കുന്ദ്രയ്ക്ക് 285 ബിറ്റ്‌കോയിനുകള്‍ ലഭിച്ചുവെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.
Be the first to comment