മാണ്ഡ്യയിലെ സ്വതന്ത്ര എംപിയും നടിയുമായ സുമലത ബിജെപിയില്‍ ചേരും

ബംഗളൂരു: മാണ്ഡ്യയിലെ സ്വതന്ത്ര എംപിയും നടിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേരും. മാണ്ഡ്യ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജെഡിഎസ് നേതാവ് കുമാരസ്വാമിക്ക് പിന്തുണ നല്‍കുമെന്നും സുമലത പറഞ്ഞു. ‘ഞാന്‍ മാണ്ഡ്യ വിട്ടുപോകില്ല, വരും ദിവസങ്ങളിലും നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കും, ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചു’- സുമലത അനുയായികളോട് പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ കുമാരസ്വാമിയുടെ മകന്‍ നിഖിലിനെ പരാജയപ്പെടുത്തിയാണ് ബിജെപി പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുമലത ലോക്‌സഭയിലെത്തിയത്.

താനൊരു സ്വതന്ത്ര എംപിയായിരുന്നെങ്കിലും മാണ്ഡ്യയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നാലായിരം കോടി രൂപ നല്‍കിയെന്ന് അവര്‍ പറഞ്ഞു. കര്‍ണാടകയില്‍ മറ്റ് സീറ്റ് ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയ്‌തെങ്കിലും ജില്ലയുടെ മരുമകളായതിനാല്‍ മാണ്ഡ്യയില്‍ തന്നെ തുടരുമെന്ന് പറഞ്ഞ് അവ നിരസിയ്ക്കുകയായിരുന്നു സുമലത പറഞ്ഞു. തൻ്റെ അനുയായികളില്‍ ചിലര്‍ താന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് മുന്‍പോ, ഇപ്പോഴോ സുമലതയുടെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞത്. ഈ വാക്കുകള്‍ കേട്ട് ആത്മാഭിമാനമുള്ള ഒരാള്‍ക്ക് എങ്ങനെ കോണ്‍ഗ്രസിലേക്ക് പോകാന്‍ കഴിയുമെന്ന് സുമലത ചോദിച്ചു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളും എംപി പ്രവര്‍ത്തകരോട് വിശദീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കുട്ടിക്കളിയല്ലെന്നും ഒരു വനിത സ്വതന്ത്ര എംപിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കൂടുതല്‍ വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് എന്‍ഡിഎയില്‍ ചേര്‍ന്നത്. കര്‍ണാടകയില്‍ 25 മണ്ഡലങ്ങളില്‍ ബിജെപിയും ബാക്കി മൂന്നിടത്ത് ജെഡിഎസുമാണ് മത്സരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*