സ്ത്രീകേന്ദ്രീകൃത സിനിമകളിൽ നടന്മാർ അസ്വസ്ഥരാണ്: വിദ്യാ ബാലൻ

സ്ത്രീകേന്ദ്രീകൃത സിനിമകൾ വരുന്നതിലും വിജയിക്കുന്നതിലും നടന്മാർ അസ്വസ്ഥരാണെന്ന് നടി വിദ്യാ ബാലൻ. ദി ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ്സോയുടെ ഉദ്ഘാടന സെഷനിൽ സംസാരിക്കുവെയാണ് വിദ്യ ബാലന്റെ പരാമർശം. ഇഷ്‌കിയ, ദി ഡേർട്ടി പിക്ചർ തുടങ്ങിയ തന്റെ ഹിറ്റ് ചിത്രങ്ങളില്‍ പോലും സ്‌ക്രീൻ സ്പേസ് പങ്കിടുമ്പോൾ പുരുഷ താരങ്ങളിൽ നിന്ന് വിമുഖത നേരിടേണ്ടി വന്നിട്ടുണ്ടെന്നും വിദ്യാ ബാലൻ കൂട്ടിച്ചേർത്തു.

”ഒരു വിദ്യാ ബാലൻ സിനിമയിലോ സ്ത്രീകൾ നയിക്കുന്ന സിനിമയിലോ അഭിനയിക്കുമ്പോൾ അവർ സംതൃപ്തരാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഞങ്ങൾ അവരെക്കാൾ മികച്ച സിനിമകൾ ചെയ്യുന്നതിനാലാണിത്. സത്യസന്ധമായി ഇത് അവരുടെ നഷ്ടമാണ്. ഞാൻ അത് ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഫോർമുല അടിസ്ഥാനമാക്കിയുള്ള സിനിമകളാണ് അവർ ചെയ്യുന്നത്,” വിദ്യാ ബാലന്‍ പറഞ്ഞു.

സ്ത്രീകൾ സിനിമയിൽ പ്രധാന സ്ഥാനം എറ്റെടുക്കുന്നതിൽ പുരുഷ താരങ്ങൾ അസ്വസ്ഥരാണെന്നും അവർ പറഞ്ഞു. വിദ്യാ ബാലൻ നായികയാവുന്ന പുതിയ ചിത്രം ‘ദോ ഔർ ദോ പ്യാർ’ റിലീസിനോട് അനുബന്ധിച്ചായിരുന്നു അവർ ദി ഇന്ത്യൻ എക്‌സ്പ്രസിന്റെ പരിപാടിയിൽ പങ്കെടുത്തത്.

ചിത്രത്തിലെ നായകനായി പ്രതീക് ഗാന്ധിയും പരിപാടിയിൽ പങ്കെടുത്തു. ഷിർഷ ഗുഹ താകുർത്ത സംവിധാനം ചെയ്യുന്ന ദോ ഔർ ദോ പ്യാർ എന്ന ചിത്രത്തിൽ ഇലിയാന ഡിക്രൂസ്, സെന്തിൽ രാമമൂർത്തി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഏപ്രിൽ 19 ന് തീയേറ്ററുകളിൽ എത്തും.

Be the first to comment

Leave a Reply

Your email address will not be published.


*