ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ അംബാനിയെ പിന്തള്ളി അദാനി ഒന്നാമത്; ഷാരൂഖ് ഖാനും യൂസഫലിയും പട്ടികയിൽ

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി വീണ്ടും ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന നേട്ടം സ്വന്തമാക്കി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിലാണ് 11.6 ലക്ഷം കോടി രൂപ ആസ്തിയുമായി ഗൗതം അദാനിയും കുടുംബവും ഒന്നാം സ്ഥാനത്തെത്തിയത്. 10.14 ലക്ഷം കോടി രൂപ ആസ്തിയുമായി മുകേഷ് അംബാനിയും കുടുംബവും രണ്ടാം സ്ഥാനത്തുണ്ട്.

2024 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഹുറൂൺ പട്ടിക തയാറാക്കിയത്. ഒരു വർഷത്തിനിടെ അദാനി കുടുംബത്തിന്‍റെ ആസ്തിയിൽ 95 ശതമാനവും അംബാനി കുടുംബത്തിന്‍റെ ആസ്തിയിൽ 25 ശതമാനവും വളർച്ചയും ഉണ്ടായെന്നാണ് കണക്കുകൾ. എച്ച്സിഎൽ ഗ്രൂപ്പ് സാരഥി ശിവ് നാടാരും കുടുംബവുമാണ് 3.14 ലക്ഷം കോടി രൂപ ആസ്തിയുമായി മൂന്നാം സ്ഥാനത്തുണ്ട്.

ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാൻ ആദ്യമായി ഹുറൂൺ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അൻപത്തിയെട്ടുകാരനായ ‘കിങ് ഖാന്‍റെ’ ആസ്തി 7,300 കോടി രൂപയാണ്. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റെഡ് ചില്ലീസ് എന്‍റർടെയ്ൻമെന്‍റ് എന്നിവയുടെ ഉടമസ്ഥനെന്ന നിലയിൽ ആസ്തിയിലുണ്ടായ വർധന ഖാന് നേട്ടമായി. ഇവർക്ക് പുറമോ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഇക്കുറിയും ഇടംപിടിച്ചു. ലോകത്തെ ഏറ്റവും സമ്പന്നനായ മലയാളിയായി തുടരുന്ന എം.എ. യൂസഫലി പട്ടികയിലെ പ്രവാസി ഇന്ത്യക്കാരിൽ ആദ്യ പത്തിലുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*