കെനിയയിലെ പ്രധാന വിമാനത്താവളത്തിൻ്റെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിൻ്റെ ശ്രമത്തിന് വെല്ലുവിളി. രാജ്യത്ത് പ്രതിഷേധം ശക്തമായതോടെയാണിത്. ഹൈ വോൾട്ടേജ് വൈദ്യുതി വിതരണ ലൈൻ സ്ഥാപിക്കുമെന്ന ഉറപ്പ് രാജ്യത്തിന് നൽകിയിട്ടുണ്ടെങ്കിലും അദാനി ഗ്രൂപ്പിൻ്റെ നീക്കം ഇപ്പോൾ കോടതിയിലേക്കും സെനറ്റ് ഹിയറിങിലേക്കും എത്തി.
ജോമോ കെന്യാറ്റ വിമാനത്താവളം വികസിപ്പിക്കാനുള്ളതാണ് അദാനിയുടെ പദ്ധതി. എന്നാൽ കെനിയയിലും പ്രതിപക്ഷമാണ് അദാനിക്ക് വെല്ലുവിളി ഉയർത്തുന്നത്. 203 ബില്യൺ ഡോളറിൻ്റെ കള്ളപ്പണ കേസിൽ സ്വിസ് ഏജൻസി അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തുന്നുണ്ടെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. ഇത് തെറ്റാണെന്ന് അദാനി ഗ്രൂപ്പ് പറയുന്നു.
അദാനി ഗ്രൂപ്പുമായി ഒപ്പിട്ട കരാറിലെ നിബന്ധനകൾ ഒളിപ്പിക്കാൻ കെനിയ സർക്കാർ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിൻ്റെ മറ്റൊരു ആരോപണം. പ്രതിപക്ഷത്തെ ഓറഞ്ച് ഡെമോക്രാറ്റിക് മൂവ്മെൻ്റിൻ്റെ നേതാവ് അന്യങ് ന്യോങ് ഒ, സ്റ്റാർ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ പദ്ധതിക്കെതിരെ നിശിത വിമർശനം ഉന്നയിച്ചിട്ടുണ്ട്.
ആഫ്രിക്കയിൽ സ്വാധീനം വർധിപ്പിക്കാനും കൂടുതൽ ബന്ധമുണ്ടാക്കാനുമുള്ള ഇന്ത്യൻ നീക്കത്തിൻ്റെ പാലമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ ഗൗതം അദാനിയുടെ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്. ചൈനയുടെ മേഖലയിലെ സ്വാധീന ശക്തി കുറയ്ക്കുകയാണ് ഇന്ത്യയുടെ താത്പര്യം.
Be the first to comment