സിമന്റ് വ്യവസായത്തിൽ രാജാവാകാൻ അദാനി; അംബുജയ്ക്കും എസിസിയ്ക്കും പിറകെ മറ്റൊരു വമ്പൻ കൂടി

ദില്ലി: അംബുജ സിമന്റ്സും എസിസി സിമന്റ്സും ഏറ്റെടുത്തതിന് പിന്നാലെ സിമന്റ് വ്യവസായത്തിൽ ആധിപത്യം പുലർത്താൻ മറ്റൊരു ഏറ്റെടുക്കൽ കൂടി നടത്താൻ ഒരുങ്ങി ശതകോടീശ്വരൻ ഗൗതം അദാനി. ജയ്പീ ഗ്രൂപ്പിന് കീഴിലുള്ള സിമന്റ് നിര്‍മാണ യൂണീറ്റിനെ അദാനി ഗ്രൂപ് ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. അംബുജ സിമന്റ്‌സ്, എസിസി സിമന്റ്‌സ് എന്നിവയിൽ ഏതെങ്കിലും ഒരു കമ്പനിയിലൂടെയാകും പുതിയ ഏറ്റടുക്കൽ നടത്തുക. 

ഏകദേശം 5000 കോടി രൂപയായിരിക്കും കരാർ തുക. നിലവിൽ ജയ്പീ ഗ്രൂപ്പിന് കീഴിലുള്ള ജയ്പ്രകാശ് അസോസിയേറ്റ്‌സിന്റെ കട ബാധ്യത കുറയ്ക്കാനാണ് ഈ വില്പന എന്നാണ് സൂചന. ജയ്പീ സിമന്റ്, ബുലന്ദ്, മാസ്റ്റര്‍ ബില്‍ഡര്‍, ബുനിയാദ് എന്നീ സിമന്റ് ബ്രാൻഡുകളാണ് നിലവിൽ ജയ്പീ ഗ്രൂപ്പിന് കീഴിലുള്ളത്. ഏകദേശം  രണ്ട് ദശലക്ഷം ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള മധ്യപ്രദേശിലെ  നിര്‍മാണ യൂണീറ്റും മറ്റ് ആസ്തികളും ജയ്പീ ഗ്രൂപ് വിൽക്കും. 

ജയ്പീ ഗ്രൂപ്പോ അദാനി ഗ്രൂപ്പോ ഇതുവരെ ഈ ഏറ്റെടുക്കൽ കരാറിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. കരാറിനെ കുറിച്ചുള്ള പ്രഖ്യാപനം ഈ ആഴ്ച ഉണ്ടായേക്കും. ഈ ഏറ്റെടുക്കലിലൂടെ  സിമന്റ് വ്യവസായത്തിൽ ആധിപത്യം നേടാൻ അദാനി ഗ്രൂപ്പിനാവും. അംബുജ സിമന്റ്സിന്റെയും എസിസി സിമന്റ്സിന്റെയും ഉത്‌പാദനത്തിൽ ഇരട്ടി വർദ്ധനയാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷ സിമന്റ് ഉല്‍പ്പാദന ശേഷി അഞ്ച് വര്‍ഷം കൊണ്ട് 140 മില്യണ്‍ ടണ്‍ ആയി ഉയര്‍ത്തുകയാണ് അദാനിയുടെ ലക്ഷ്യം.  അംബുജ, എസിസി എന്നീ കമ്പനികള്‍ ചേര്‍ന്ന് നിലവില്‍ 67.5 മെട്രിക് ടണ്‍ സിമന്റ് ഉത്പാദിപ്പിക്കുന്നുണ്ട്. അടുത്ത വർഷത്തോടെ ഗണ്യമായ വർധന ഇതിൽ ഉണ്ടായേക്കും.  

Be the first to comment

Leave a Reply

Your email address will not be published.


*