സിപിഎം എംഎല്‍എ പിവി അന്‍വറിനെയും ഘടകകക്ഷിയായ സിപിഐയെയും തള്ളി എഡിജിപിയെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി

സിപിഎം എംഎല്‍എ പിവി അന്‍വറിനെയും ഘടകകക്ഷിയായ സിപിഐയെയും തള്ളി എഡിജിപിയെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി. ആരോപണവിധേയനായ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാറിനെ ഉടന്‍ മാറ്റില്ല. ആരോപണങ്ങളില്‍ എഡിജിപിക്കെതിരേ അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം കുറ്റക്കാരനാണെങ്കില്‍ നടപടിയുണ്ടാകുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിലും മുഖ്യമന്ത്രി പ്രതികരിച്ചു. എഡിജിപിയെ എന്റെ ഇടനിലക്കാരാനിട്ട് ചിത്രീകരിക്കാനാണല്ലോ പലരും പറയാൻ ശ്രമിച്ചത്. തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് പോലീസുകാരെ ഉപയോഗിച്ചതിന്റെ മുൻകാല അനുഭവമായിരിക്കാം പ്രതിപക്ഷ നേതാവിനെ അത്തരമൊരു ആരോപണം ഉന്നയിക്കാൻ പ്രേരിപ്പിച്ചത്. അത്തരം ശൈലി ഞങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തൃശൂർ പൂരം സംബന്ധിച്ച് പരിശോധന നടത്താൻ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു, അത് പുരോഗമിക്കുകയാണ്. വിവരാവകാശകമ്മിഷന് മറുപടി നല്‍കിയത് വസ്തുതകള്‍ക്ക് അനുസരിച്ചല്ല. അത് പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടതിനാലാണ് നടപടിയെടുത്തതും അദ്ദേഹത്തെ മാറ്റി നിർത്തി അന്വേഷണം നടത്താമെന്ന് തീരുമാനിച്ചതും. 24-ാം തീയതിക്ക് മുൻപായി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എഡിജിപി അജിത്കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്നും സഖ്യകക്ഷികള്‍ക്കിടയില്‍ നിന്നും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ദിവസങ്ങൾക്ക് ശേഷം ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ വാർത്താസമ്മേളനം നടത്തിയത്.

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ പോലീസിന് പങ്കുണ്ടെന്നും അത് തൃശൂരിലെ ബിജെപി ലോക്‌സഭാ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ സഹായിക്കാനാണെന്നും അന്നത്തെ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം പോലും പോലീസ് അട്ടിമറിച്ചെന്നും അതിന് പോലീസിന്റെ തലപ്പത്ത് ഇരിക്കുന്ന ചിലര്‍ക്ക് ബന്ധമുണ്ടെന്നും പരസ്യമായി ആരോപിച്ച് സിപിഐ നേതാവും മുന്‍മന്ത്രിയും തൃശൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുമായിരുന്ന വിഎസ് സുനില്‍കുമാര്‍ ഇന്നലെ രംഗത്തുവന്നിരുന്നു.

എഡിജിപി എം ആർ അജിത് കുമാറിനെതിരായ ആരോപണങ്ങൾ, വയനാട് ദുരിതാശ്വാസത്തിന് വേണ്ടി കേന്ദ്രത്തിന് സമർപ്പിച്ച എസ്റ്റിമേറ്റ് കണക്കുകളുമായി ബന്ധപ്പെട്ട ആക്ഷേപം, തൃശൂർ പൂരം സംബന്ധിച്ച് സിപിഐ നേതാവും മുന്‍മന്ത്രിയുമായാ വിഎസ് സുനില്‍കുമാർ കഴിഞ്ഞദിവസം നടത്തിയ തുറന്നുപറച്ചിൽ എന്നിവയെല്ലാം ചർച്ചയായിരിക്കെയാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.

Be the first to comment

Leave a Reply

Your email address will not be published.


*