തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി അജിത് കുമാറിന്റെ റിപ്പോര്‍ട്ട് ; ആഭ്യന്തര സെക്രട്ടറി തള്ളി

തൃശൂര്‍ പൂരം കലക്കല്‍ സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിച്ച് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. വിഷയത്തില്‍ വിശദമായ പുനരന്വേഷണമാണ് ആഭ്യന്തര സെക്രട്ടറി നിര്‍ദേശിച്ചിരിക്കുന്നത്. എഡിജിപി തല അന്വേഷണമാണോ ജുഡീഷ്യല്‍ അന്വേഷണമാണോ വേണ്ടതെന്ന അന്തിമതതീരുമാനം മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനിക്കേണ്ടത്. അന്വേഷണപരിധിയില്‍ അജിത് കുമാറും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനൊപ്പം ഡിജിപി ചില അന്വേഷണ നിര്‍ദേശങ്ങളും ഒപ്പം ചേര്‍ത്തിരുന്നു. ഇതില്‍ അജിത് കുമാറിന്റെ പങ്കും അന്വേഷണവിധേയമാക്കണമെന്ന് സൂചിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളാണ് ആഭ്യന്തരസെക്രട്ടറിയും അംഗീകരിച്ചത്. ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കേണ്ട അന്വേഷണം അഞ്ചു മാസം നീണ്ടതടക്കം കാര്യങ്ങളും ഡിജിപി ഒന്നയിച്ചിരുന്നു. 

റിപ്പോര്‍ട്ടിന്‍മേല്‍ പോലീസ് മേധാവി തന്നെ സംശയങ്ങള്‍ ഉന്നയിച്ചതിനാലാണ് ആഭ്യന്തര സെക്രട്ടറിയും വിശദമായ പരിശോധന നടത്തിയത്. പൂരം അട്ടിമറിയിലെ ഗൂഢാലോചനയും എഡിജിപിയുടെ ഇടപെടല്‍ സംബന്ധിച്ച ആരോപണങ്ങളുമാണ് വീണ്ടും അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തത്. തൃശൂര്‍ പൂരം അലങ്കോലമായതില്‍ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. പൂരവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല. 

ഏകോപനത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പാളിച്ച പറ്റി. പൂരം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത് ദേവസ്വങ്ങളുടെ നിലപാട് മൂലമായിരുന്നു എന്നും അജിത്ത് കുമാറിന്റെ റിപ്പോര്‍ട്ട് പറയുന്നു. കോടതി നിര്‍ദേശം കൂടി പരിഗണിച്ചുകൊണ്ടായിരുന്നു പോലീസ് പൂരം ദിവസത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കമ്മിഷണര്‍ക്ക് വീഴ്ചയുണ്ടായി. 

വിവിധ ഇടങ്ങളില്‍ പരിചയക്കുറവുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചതും വിവരങ്ങള്‍ കൃത്യമായി ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതിരുന്നതും പ്രശ്നങ്ങള്‍ക്ക് കാരണമായെന്നുമാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.എന്നാല്‍, റിപ്പോര്‍ട്ട് അഞ്ചു മാസം വൈകിയതും ആരോപണവിധേയനായ എഡിജിപി തന്നെ അന്വേഷണ ഉദ്യോഗസ്ഥനായതും ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*