ശബരിമല അവലോകന യോഗത്തില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നിന്നാണ് മാറ്റിയത്. ഡിജിപിയും ഇന്റലിജന്‍സ് ഹെഡ് ക്വാട്ടേഴ്‌സ് എഡിജിപിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായ അജിത് കുമാറാണ് യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്.
പ്രതിപക്ഷവും പി വി അന്‍വറും അജിത് കുമാറിന്റെ ശബരിമലയിലെ ഇടപെടലില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും അജിത് കുമാറിനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവരികയും ചെയ്തിരുന്നു. ഇതെല്ലാം നിലനില്‍ക്കുന്നതിനിടെ അജിത് കുമാറിനെ ശബരിമല അവലോകന യോഗത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയത് ഏറെ നിര്‍ണായകമാകുകയാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്ന സ്ഥാനത്തുനിന്ന് അജിത് കുമാറിനെ മാറ്റണമെന്ന് സിപിഐ ഉള്‍പ്പെടെ ആവശ്യം കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍ യോഗത്തില്‍ നിന്ന് അജിത് കുമാറിനെ മാറ്റുന്നത് അദ്ദേഹത്തെ എഡിജിപി സ്ഥാനത്തുനിന്ന് നീക്കുന്നതിന് മുന്നോടിയായിട്ടാണോ എന്ന തരത്തിലും ചര്‍ച്ചകള്‍ ഉണ്ടാകുന്നുണ്ട്.
ഇന്നത്തെ യോഗത്തില്‍ ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീര്‍ത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും.
Be the first to comment