ആദിത്യ എല്‍-1 ഹാലോ ഭ്രമണപഥത്തില്‍; ലഗ്രാഞ്ച് ബിന്ദുവിലെത്തുന്ന നാലാം രാജ്യമായി ഇന്ത്യ

ഇന്ത്യയുടെ പ്രഥമ സൗരദൗത്യ പേടകമായ ആദിത്യ എൽ-1 നാല് മാസത്തെ യാത്രയ്‌ക്കൊടുവില്‍ ലക്ഷ്യസ്ഥാനത്ത്. പേടകം ഐ എസ് ആർ ഒ ലക്ഷ്യമിട്ട ലഗ്രാഞ്ച് ഒന്ന് എന്ന ബിന്ദുവിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ പ്രവേശിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇതോടെ ലഗ്രാഞ്ച് ബിന്ദുവിലെത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം സമാനമായി അനുഭവപ്പെടുന്ന അഞ്ച് മേഖലകളിൽ ഒന്നാണ് ലഗ്രാഞ്ച് ഒന്ന് എന്ന മേഖല.

പേടകത്തിലെ ലാം എൻജിൻ പ്രവർത്തിപ്പിച്ചാണ് അവസാന ഭ്രമണപഥമാറ്റം ഐഎസ്ആർഒ നടത്തിയത്. വൈകാതെ പേടകത്തെ ഒന്നാം ലഗ്രാഞ്ചിൽ നിശ്ചിത ഇടത്ത് ഉറപ്പിക്കും. ഇതാണ് ഐഎസ്ആർഒയുടെ മുന്നിൽ ഇനിയുള്ള വെല്ലുവിളി. നിശ്ചിത സ്ഥാനത്ത് സ്ഥിരത കൈവരിച്ചശേഷമായിരിക്കും പേടകം സൗര രഹസ്യങ്ങള്‍ അനാവരണം ചെയ്യാനുള്ള പരീക്ഷണങ്ങളിലേക്ക് കടക്കുക. സ്ഥിരത കൈവരിക്കാനുള്ള പ്രക്രിയയ്ക്ക് ഒരു മാസത്തോളമെടുക്കുമെന്നാണ് വിവരം.

ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്ത് എത്തിയതായി പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സിലൂടെയാണ് അറിയിച്ചത്. ”ഇന്ത്യ മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയുടെ ആദ്യ സോളാർ ഒബ്സർവേറ്ററി ആദിത്യ-എൽ1 ലക്ഷ്യസ്ഥാനത്ത് എത്തി. ഏറ്റവും സങ്കീർണമായ ബഹിരാകാശ ദൗത്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നമ്മുടെ ശാസ്ത്രജ്ഞരുടെ അക്ഷീണമായ അർപ്പണബോധത്തിന്റെ തെളിവാണിത്. ഈ അസാധാരണ നേട്ടത്തിന് ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതിൽ ഞാൻ രാജ്യത്തോടൊപ്പം ചേരുന്നു. മനുഷ്യരാശിയുടെ പ്രയോജനത്തിനായി ശാസ്ത്രത്തിന്റെ പുതിയ അതിർത്തികൾ താണ്ടുന്നത് നാം തുടരും,” നരേന്ദ്രമോദി കുറിച്ചു.

സെപ്തംബർ രണ്ടിന് വിക്ഷേപിച്ച ആദിത്യ എല്‍-1 ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. 126 ദിവസത്തെ യാത്രയ്ക്കുശേഷം ഇപ്പോഴെത്തിയിരിക്കുന്ന ലഗ്രാഞ്ച്  ഒന്ന്  എന്ന ബിന്ദുവിൽനിന്ന്  മറ്റൊരു ആകാശഗോളത്തിന്റെയും മറയില്ലാതെ സൂര്യനെ സസൂക്ഷ്മം നിരീക്ഷിക്കാനും പഠനം നടത്താനും  ആദിത്യ എൽ1ന് സാധിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*