ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ- എല്‍1 നിരീക്ഷിച്ച പഠനവിവരങ്ങൾ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ആദിത്യ- എൽ1ൽ ഘടിപ്പിച്ചിട്ടുള്ള ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റർ (എച്ച്ഇഎൽ1 ഒഎസ്) എന്ന പേലോഡ് രേഖപ്പെടുത്തിയ സൗരജ്വാലയുടെ തീവ്രത സംബന്ധിച്ച എക്സ്-റേ പഠന വിവരങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്.
ഒക്ടോബർ 29ന് ആയിരുന്നു പത്ത് മണിക്കൂർ നീണ്ട പരീക്ഷണം. സൗരജ്വാലയിലെ ഉയര്‍ന്ന അളവിലുള്ള ഊര്‍ജത്തിന്റെ എക്‌സ്-റേ പ്രവര്‍ത്തനം നിരീക്ഷിക്കുന്നത്തിനായി രൂപകല്പന ചെയ്‌തെടുത്ത പേലോഡാണ് എച്ച്ഇഎല്‍1ഒഎസ്. പുറത്തുവന്ന വിവരങ്ങൾ സൗരജ്വാലകളുടെ ബഹിർഗമന സമയത്തെ ഊർജ പ്രവാഹവത്തെക്കുറിച്ചും ഇലക്ട്രോൺ ത്വരണത്തെക്കുറിച്ചും പഠിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Aditya-L1 Mission:
HEL1OS captures first High-Energy X-ray glimpse of Solar Flares🔸During its first observation period from approximately 12:00 to 22:00 UT on October 29, 2023, the High Energy L1 Orbiting X-ray Spectrometer (HEL1OS) on board Aditya-L1 has recorded the… pic.twitter.com/X6R9zhdwM5
— ISRO (@isro) November 7, 2023
സൂര്യന്റെ അന്തരീക്ഷത്തിൽനിന്ന് ക്ഷണനേരം കൊണ്ട് സ്ഫോടനാത്മകമായി പ്രകാശം പ്രവഹിക്കുന്നതിനെയാണ് സൗരജ്വാലയെന്ന് വിശേഷിപ്പിക്കുന്നത്. സൂര്യന്റെ അന്തരീക്ഷത്തിലുള്ള വൈദ്യുതകാന്തിക വികിരണത്തിന്റെ ഫലമായാണ് സൗരജ്വാല സംഭവിക്കുന്നത്. ഓരോ പ്രാവശ്യവും സംഭവിക്കുന്ന സൗരജ്വാല വ്യത്യാസമുള്ളതായിരിക്കും.
സൂര്യന്റെ അന്തരീക്ഷത്തിൽ നിലകൊള്ളുന്ന കാന്തിക ഊർജം ചുറ്റുമുള്ള പ്ലാസ്മയിലെ ചാർജ് കണികകളെ ത്വരിതപ്പെടുത്തുമ്പോഴാണ് സൗരജ്വാലകൾ സംഭവിക്കുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഉയർന്ന അളവിലുള്ള ഊർജമുള്ള വൈദ്യുതകാന്തിക വികിരണങ്ങളെയാണ് സൗരജ്വാലകൾ പുറംതള്ളുന്നത്.
ഐഎസ്ആർഒയിലെ ബെംഗളൂരുവിലെ യുആർ റാവു ബഹിരാകാശ കേന്ദ്രത്തിലെ ബഹിരാകാശ ജ്യോതിശാസ്ത്ര സംഘമാണ് ആദിത്യ-എല്‍1 ദൗത്യത്തിനായി എച്ച്ഇഎൽ1ഒഎസ് വികസിപ്പിച്ചെടുത്തത്.
ഇതുവരെയുള്ള പഠനങ്ങൾ എക്സ്-റേകളിലൂടെയും ഗാമാ-റേകളിലൂടെയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ പെട്ടെന്നുണ്ടാകുന്ന മഹാജ്വാലകളെ അടിസ്ഥാനപരമായി പഠിക്കാനോ മനസിലാക്കാനോ ശാസ്ത്രലോകത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ആദിത്യ എൽ-1ൽ ഘടിപ്പിച്ചിട്ടുള്ള എച്ച്ഇഎൽ1ഒഎസ് പേലോഡിനെ സജ്ജമാക്കിയിരിക്കുന്നത് ഇത്തരം പഠനനാണ് നടത്തുന്നതിനാണ്.
ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ ദൂരത്തിലേക്ക് മാത്രമാണ് ആദിത്യ എല്‍-1 എത്തിച്ചേരുന്നത്, ഭൂമിയില്‍ നിന്ന് ഏകദേശം 15 കോടി കിലോമീറ്റര്‍ അകലെയാണ് സൂര്യനുള്ളത്. ലഗ്രാഞ്ച് – 1 എന്ന ബിന്ദുവാണ് ആദിത്യ-എല്‍1 ന്റെ ലക്ഷ്യം. 125 ദിവസങ്ങളോളം സഞ്ചരിച്ചാണ് പേടകം പോയിന്റിലെത്തുക.
Be the first to comment