കോട്ടയം: പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്കേറ്റം. ചെയർപേഴ്സണും ചില ഭരണ-പ്രതിപക്ഷ കൗൺസിൽ അംഗങ്ങളും വിനോദയാത്രക്കിടെ പണം വച്ച് പകിട കളിച്ച വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ വിവാദമായതോടെ യുഡിഎഫ് അംഗങ്ങൾ ചെയർപേഴ്സന്റെ വിശദീകരണം ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിന് കാരണമായത്. പ്രതിപക്ഷ കൗൺസിലർമാർ കൗൺസിൽ ഹാളിനു മുന്നിൽ പകിട കളിച്ചാണ് പ്രതിഷേധിച്ചത്.
സെപ്റ്റംബര്‍ 29നാണ് ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയും കേരള കോണ്‍ഗ്രസ് എം അംഗങ്ങളും രണ്ട് യുഡിഎഫ് കൗൺസിലർമാരും ഉള്‍പ്പെടെയുള്ള സംഘം വിനോദയാത്ര പോയത്. യാത്രയ്ക്കിടെ പണം വെച്ച് പകിട കളിച്ച വീഡിയോ പുറത്താവുകയായിരുന്നു. ചെയർപേഴ്സൺ വിശദീകരിക്കണമെന്ന് യുഡിഎഫ് അംഗങ്ങൾ കൗൺസിലിൽ ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിൻ്റെ തുടക്കം.
കൗൺസിൽ യോഗം ബഹിഷ്കരിച്ച പ്രതിപക്ഷ കൗൺസിലർ മായാ രാഹുൽ, സിജി ടോണി, ലിജി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പകിട കളിച്ച് പ്രതിഷേധിച്ചത്. ആനി ബിജോയി, ലിസിക്കുട്ടി എന്നീ രണ്ട് യുഡിഎഫ് കൗൺസിലർമാർ വിവാദ യാത്രയിൽ പങ്കെടുത്തതും യുഡിഎഫിന് തിരിച്ചടിയായി. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ തന്നെ നിയമ ലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് സതീഷ് ചൊള്ളാനി ആരോപിച്ചു.
പ്രതിഷേധങ്ങൾക്കിടെ കൗൺസിൽ യോഗം തുടർന്നെങ്കിലും ഭരണകക്ഷിയിലെ സിപിഐഎം പ്രതിനിധിയായ ബിനു പുളിക്കകണ്ടം മറ്റൊരു വിഷയത്തിൽ ചെയർപേഴ്സണോട് കയർക്കുകയും അജണ്ട പിടിച്ചുവാങ്ങി കീറുകയും ചെയ്തതോടെ കൗൺസിൽ യോഗം പിരിയുകയായിരുന്നു.
സിപിഐഎം സ്വതന്ത്രയായ ജോസിന്‍ ബിനോയും അതേ പാര്‍ട്ടിയില്‍ ഉൾപ്പെട്ട ബിനോ പുളിക്കകണ്ടവും തമ്മിലുള്ള ഭിന്നതയും ഇപ്പോഴത്തെ വീഡിയോ വിവാദത്തിന് പിന്നിലുണ്ടെന്നാണ് ആരോപണം.
Be the first to comment