കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി സിപിഎം. വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഇന്ന് പ്രത്യേക സെക്രട്ടേറിയറ്റ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. തൃശൂരില്‍ രാവിലെ പത്തിന് ആരംഭിക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ പങ്കെടുക്കും.
പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി പ്രതിക്കൂട്ടിലായ ദിവ്യയ്‌ക്കെതിരേ എന്ത് അച്ചടക്ക നടപടി സ്വീകരിക്കുമെന്നതാണ് യോഗത്തിന്റെ പ്രധാന അജന്‍ഡ. ദിവ്യയ്‌ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാതെ പാര്‍ട്ടിക്ക് മുഖം രക്ഷിക്കാനാകില്ലെന്ന നിലപാടിലാണ് ചില മുതിര്‍ന്ന നേതാക്കള്‍. നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തിരുന്നെങ്കിലും ദിവ്യയ്‌ക്കെതിരേ നടപടി എടുത്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
കേസിലെ ഏക പ്രതിയായ ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മും സര്‍ക്കാരും സ്വീകരിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്യാനോ, എന്തിന് ചോദ്യം ചെയ്യാനോ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. ഇതു വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇന്നത്തെ യോഗത്തില്‍ നടപടി സംബന്ധിച്ച് തീരുമാനമായാല്‍ ഉടന്‍ പോലീസ് അറസ്റ്റ് ചെയ്യുകയോ, ദിവ്യ കീഴടങ്ങുകയോ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
ദിവ്യയെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയിരുന്നു. അതേസമയം ദിവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 29-ലേക്ക് മാറ്റിയിരുന്നു. ജസ്റ്റിസ് നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തന്റെ പ്രസംഗം സദുദ്ദേശ്യപരമായിരുന്നെന്നു ചൂണ്ടിക്കാട്ടിയ ദിവ്യ, താന്‍ ക്ഷണിക്കപ്പെടാതെയാണ് യാത്രയയപ്പ് ചടങ്ങിന് എത്തിയതെന്ന ആരോപണം തള്ളിയിരുന്നു. കളക്ടറാണ് തന്നെ യോഗത്തിലേക്ക് ക്ഷണിച്ചതെന്നു ദിവ്യ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. നവീന്‍ ബാബുവിനെതിരേ കൂടുതല്‍ ആരോപണങ്ങളും ജാമ്യാപേക്ഷയിലുണ്ടായിരുന്നു.
Be the first to comment