അഡ്വ. ഹാരിസ് ബീരാൻ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി

തിരുവനന്തപുരം: ഹാരിസ് ബീരാൻ മുസ്ലിം ലീ​ഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി. കെഎംസിസി ദില്ലി ഘടകം പ്രസിഡൻ്റാണ് ഹാരിസ്. മുസ്ലിം ലീഗ് ഉന്നത അധികാര സമിതിയാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഇന്ന് മൂന്നുമണിക്ക് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഭാവിയിൽ യുവാക്കൾക്ക് പ്രാതിനിധ്യം നൽകുമെന്നും മുസ്ലിം ലീ​ഗ് നേതാക്കൾ അറിയിച്ചു.

രാജ്യ തലസ്ഥാനത്തെ മുസ്‌ലീം ലീഗിന്റെ മുഖങ്ങളിൽ ഒന്നാണ് രാജ്യസഭാ സ്ഥാനാർഥിയായി തെരഞ്ഞെടുക്കപെട്ട ഹാരിസ് ബീരാൻ. ലീഗിന് വേണ്ടി നടത്തിയ നിയമ പോരാട്ടങ്ങളലൂടെയാണ് ഹാരിസ് ബീരാൻ ജനശ്രദ്ധ പിടിച്ചുപറ്റിയത്. വിയോജിപ്പുകൾക്കിടയിലും ഹാരിസിന്റെ സ്ഥാനാർഥിത്വം ഊട്ടിയുറപ്പിച്ചത് ഈ നിയമപോരാട്ടങ്ങൾ തന്നെയാണ്.

സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. ഹാരിസ് ബീരാൻ മുൻ അഡീഷനൽ അഡ്വ ജനറൽ വി കെ ബീരാന്റെ മകനും മുൻമന്ത്രി വി കെ ഇബ്രാംഹീംകുഞ്ഞിന്റെ ജ്യേഷ്ഠ സഹോദരനുമാണ്. ഡൽഹിയിൽ മുസ്ലീം ലീഗ് നിർമിക്കുന്ന ദേശീയ ആസ്ഥാന മന്ദിരത്തിന് അടിത്തറ ഒരുക്കുന്നതിലും ഹാരിസ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലടക്കമുള്ള ഹാരിസ് ബീരാന്റെ പ്രാവീണ്യവും രാജ്യ തലസ്ഥാനത്തെ വ്യക്തി ബന്ധങ്ങളും സാദിഖലി തങ്ങളുടെ പിന്തുണയുമെല്ലാം രാജ്യസഭാ സീറ്റിലേക്കുള്ള ഹാരിസിന്റെ യാത്രക്ക് അനുകൂല ഘടകങ്ങളായി മാറി.

രാജ്യസഭാ സ്ഥാനാർഥിയായി പേര് ഉയർന്നതോടെ, അദ്ദേഹം പാർട്ടിയിൽ സജീവമല്ലെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് സുപ്രീംകോടതിയിൽ മുസ്‌ലീം ലീഗിന് വേണ്ടി നടത്തിയ ഒട്ടനവധി നിയമപോരാട്ടങ്ങളാണ് ഹാരിസിന്റെ മറുപടി. മുസ്‌ലീം ലീഗിന്റെ പാർട്ടിയുടെ പേര് തന്നെ ചോദ്യം ചെയ്യപ്പെട്ടപ്പോൾ സുപ്രീം കോടതിയിൽ നടത്തിയ നിയമപോരാട്ടങ്ങളിലൂടെ അനുകൂല വിധി നേടി എടുത്തത് ഹാരിസ് ബീരാന്റെ നേതൃത്വത്തിലായിരുന്നു. പൗരത്വ ഭേദഗതി നിയമം, യുഎപിഎ വിഷയം. മുത്തലാഖ് ബിൽ, കർണാടകയിലെ ഹിജാബ് വിഷയം. പ്രവാസി വോട്ടവകാശം തുടങ്ങി ലീഗിന്റെ നിരവധി നിയമപോരാട്ടങ്ങൾക്ക് ചുക്കാൻ പിടിച്ചതും സുപ്രീം കോടതി അഭിഭാഷകനായ ഹാരിസ് ബീരാനാണ്. ഡൽഹിയിലെ സ്ഥിര താമസക്കാരനായ ഹാരിസ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതോടെ രാജ്യ തലസ്ഥാനത്ത് ഒരു ജനപ്രതിനിധിയുടെ സ്ഥിര സാന്നിധ്യമുണ്ടാകുമെന്ന വിലയിരുത്തലും മുസ്‌ലീം ലീഗിനുണ്ട്


 

Be the first to comment

Leave a Reply

Your email address will not be published.


*