ഇനി മുന്‍കൂട്ടി ട്രെയിന്‍ ബുക്ക് ചെയ്യാന്‍ കഴിയുക 60 ദിവസം വരെ; സമയ ദൈര്‍ഘ്യം വെട്ടിക്കുറച്ച് റെയില്‍വേ

ന്യൂഡല്‍ഹി: മുന്‍കൂട്ടി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി ഇന്ത്യന്‍ റെയില്‍വേ വെട്ടിക്കുറച്ചു. 120 ദിവസത്തില്‍ നിന്ന് 60 ദിവസമായാണ് കുറച്ചത്. അതായത് 60 ദിവസം മുന്‍പ് വരെ മാത്രമേ ഇനി ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ സാധിക്കൂ. പുതിയ തീരുമാനം നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

ഇതിനകം ബുക്ക് ചെയ്ത ടിക്കറ്റുകളെ പുതിയ നടപടി ബാധിക്കില്ല. മുന്‍കൂര്‍ റിസര്‍വേഷന്‍ കാലയളവ് 2015 ഏപ്രില്‍ 1 വരെ 60 ദിവസമായിരുന്നു. തുടര്‍ന്ന് ബുക്കിങ് കാലയളവ് 120 ദിവസം വരെ നീട്ടുകയായിരുന്നു. അധിക വരുമാനം ലക്ഷ്യമിട്ടായിരുന്നു റെയില്‍വേ സമയപരിധി നീട്ടിയത് എന്ന തരത്തില്‍ അന്ന് ചിലര്‍ വാദിച്ചിരുന്നു.

ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട് ഐആര്‍സിടിസി അടുത്തിടെ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. അടുത്ത അഞ്ച് മുതല്‍ ആറ് വര്‍ഷത്തിനുള്ളില്‍ വെയ്റ്റിങ് ലിസ്റ്റ് എന്ന ദീര്‍ഘകാല പ്രശ്‌നം ഇല്ലാതാക്കി ഓരോ യാത്രക്കാരനും സ്ഥിരമായ ബെര്‍ത്ത് ഉറപ്പാക്കുക അടക്കമുള്ള പരിഷ്‌കാരങ്ങള്‍ക്കാണ് ഐആര്‍സിടിസി തുടക്കമിട്ടത്.ടിക്കറ്റ് ബുക്കിങ് മുതല്‍ യാത്രാ ആസൂത്രണം വരെയുള്ള നിരവധി സേവനങ്ങള്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ ഒരു റെയില്‍വേ സൂപ്പര്‍ ആപ്പ് പുറത്തിറക്കാനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്.

ഭക്ഷണത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിന് പുറമേ, ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് സീറ്റ് ലഭിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ എഐ അധിഷ്ഠിത കാമറ ഉപയോഗിച്ച് നടപ്പാക്കാനും ആലോചനയുണ്ട്. റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷം ഡാറ്റ വിശകലനം ചെയ്ത് സീറ്റ് ലഭ്യത പ്രവചിച്ചാണ് ഇത് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. യാത്രക്കാരുടെ സീറ്റ് സംബന്ധിച്ച് പരിശോധിക്കാന്‍ എഐ മോഡല്‍ പ്രയോജനപ്പെടുത്തിയതിനെ തുടര്‍ന്ന് ടിക്കറ്റ് നിരക്കില്‍ 30 ശതമാനത്തിലധികം വര്‍ധന ഉണ്ടായതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*