കണ്ണൂരിലും ആഫ്രിക്കൻ പന്നിപ്പനി

കണ്ണൂർ: കണ്ണൂരിലും പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി. കണ്ണൂർ കണിച്ചാർ പഞ്ചായത്ത് കൊളക്കാടിലെ സ്വകാര്യ പന്നിഫാമിലെ പന്നികള്‍ക്ക് ആണ് പന്നിപ്പനി സ്ഥിരീകരിച്ചത് .കഴിഞ്ഞ പത്ത്  ദിവസത്തിനിടെ ഈ പന്നിഫാമിലെ 15 ലേറെ പന്നികള്‍ രോഗം ബാധിച്ച് ചത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നി ഫാമുകളിലെ പന്നികളെയും കൊന്നൊടുക്കുന്നതിനുള്ള നടപടികൾ ഇന്നു മുതൽ  മൃഗസംരക്ഷണ വകുപ്പ് തുടങ്ങും. ഈ പ്രദേശത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നിരീക്ഷിക്കാനും മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചെള്ളുകൾ വഴിയാണ് പന്നികൾക്ക് രോഗം ഉണ്ടാകുന്നത്. അതേ സമയം മനുഷ്യനിലേക്ക് പടരുന്ന വൈറസ് അല്ലെന്നതാണ് ആശ്വാസം

കേരളത്തിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട് തവിഞ്ഞാൽ ഫാമിലെ പന്നികളെ കൊന്നൊടുക്കിയിരുന്നു. രക്തം പുറത്ത് വരാത്ത വിധം ഷോക്ക് അടിച്ചാണ് കൊന്നത്. 

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് പന്നി കർഷകർ. നൂറ് കിലോയ്ക്ക് മുകളിലുള്ള പന്നിക്ക് 15000 രൂപയാണ് നഷ്ടപരിഹാരം. ഇത് അപര്യാപ്തമെന്നാണ് കർഷകരുടെ പരാതി.  സംസ്ഥാനത്തേക്കുള്ള പന്നി കടത്ത് തടയുന്നതിന്  വയനാട് ജില്ലയിലെ ചെക്ക് പോസ്റ്റുകളിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നിഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാട്ടുപന്നികളിലും രോഗം വരാനാള്ള സാധ്യതയുണ്ട്. രോഗം സ്ഥിരീകരിച്ച മേഖലകളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതിനും വില്‍പന നടത്തുന്നതിനും നിരോധനമുണ്ട്. രോഗ വ്യാപനം തടയുന്നതിനായി ചെക്ക്പോസ്റ്റുകളിലെ പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന തുടരുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*