28 വർഷങ്ങൾക്കിപ്പുറം സൗന്ദര്യമത്സരത്തിന് വേദിയായി ഇന്ത്യ; രാജ്യത്തിനായി സിനിഷെട്ടി

നീണ്ട ഇരുപത്തിയെട്ടു വർഷങ്ങൾക്കിപ്പുറം വീണ്ടും ഇന്ത്യ മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കുകയാണ്. ഇന്ന് മുംബൈയിൽ വച്ചാണ് ഫിനാലെ ചടങ്ങുകൾ നടക്കുന്നത്. പ്രശസ്ത സംവിധായകനും നിർമാതാവുമായ കരൺ ജോഹറാണ് എഴുപത്തിയൊന്നാമത് മിസ് വേൾഡ് മത്സരത്തിന്റെ അവതാരകൻ. വൈകുന്നേരം 7.30-ന് തുടങ്ങുന്ന ചടങ്ങുകൾ 10.30-ഓടെ അവസാനിക്കും.  കർണാടകയിൽ നിന്നുള്ള സിനി ഷെട്ടിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. 2017-ൽ മാനുഷി ഛില്ലറിനുശേഷം വീണ്ടും സിനി ഷെട്ടിയിലൂടെ ലോകസുന്ദരിപ്പട്ടം തിരികെയെത്തുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യം.

ഇക്കഴിഞ്ഞ ജൂലൈ നാലിനു നടന്ന മിസ് ഇന്ത്യ മത്സരത്തിൽ രുബാല്‍ ഷെഖാവത്ത് ഫസ്റ്റ് റണ്ണറപ്പും, ശിനാത്ത ചൗഹാന്‍ സെക്കന്റ് റണ്ണപ്പറുമായപ്പോൾ സിനി ഷെട്ടിയാണ് സൗന്ദര്യകിരീടം ചൂടിയത്. മുന്‍ മിസ് ഇന്ത്യ മാനസ വാരണസിയാണ് സിനിയെ കിരീടമണിയിച്ചത്. 21 വയസ്സുകാരിയ സിനി ഷെട്ടി ജനിച്ചത് മുംബൈയിലാണെങ്കിലും വളര്‍ന്നത് കര്‍ണാടകയിലാണ്. അക്കൗണ്ടിങ് ആന്‍ഡ്‌ ഫിനാന്‍സില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ സിനി നിലവില്‍ ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്  വിദ്യാര്‍ഥിനിയാണ്.

ഭരതനാട്യം നര്‍ത്തകി കൂടിയാണ് സിനി. 112 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളോടാകും സിനി ഷെട്ടി മത്സരിക്കുക. മുംബൈ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് മിസ് വേള്‍ഡ് ഗ്രാന്‍ഡ് ഫിനാലെ അരങ്ങേറുക. കഴിഞ്ഞ തവണ പോളണ്ടില്‍ ലോകസൗന്ദര്യ കിരീടമെത്തിച്ച കരോലിന ബിലാവ്‌സ്‌ക പുതിയ വിജയിയെ കിരീടം അണിയിക്കും. മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബ്യൂട്ടി വിത് എ പര്‍പസ് ചലഞ്ച് ഫെബ്രുവരി 21-ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലായിരിക്കും നടക്കുക. വേള്‍ഡ് ടോപ്പ് ഡിസൈനര്‍ അവാര്‍ഡ്, മിസ് വേള്‍ഡ് ടോപ് മോഡല്‍, മിസ് വേള്‍ഡ് സ്‌പോര്‍ട്‌സ് ചലഞ്ച് തുടങ്ങിയ മത്സരങ്ങള്‍ ന്യൂഡല്‍ഹിയിലും മുംബൈയിലുമായും നടക്കും. ഇന്ത്യ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*