ബജാജിന് പിന്നാലെ ടിവിഎസും ; ലോകത്തെ ആദ്യ സിഎന്‍ജി സ്‌കൂട്ടര്‍ ഈ വര്‍ഷം അവസാനം?

ന്യൂഡല്‍ഹി : ബജാജിന് പിന്നാലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് ലോകത്തെ ആദ്യ സിഎന്‍ജി സ്‌കൂട്ടര്‍ ഇറക്കാനുള്ള പണിപ്പുരയില്‍ എന്ന് റിപ്പോര്‍ട്ട്. സിഎന്‍ജിയില്‍ അധിഷ്ഠിതമായ ജുപിറ്റര്‍ 125 സ്‌കൂട്ടര്‍ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവിധ ബദല്‍ ഇന്ധന സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ടിവിഎസ്. സിഎന്‍ജി ഓപ്ഷന്‍ ഇതിനോടകം തന്നെ ടിവിഎസ് വികസിപ്പിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

u740 എന്ന കോഡ് നെയിമിലാണ് പദ്ധതി പുരോഗമിക്കുന്നത്. 2024 അവസാനത്തോടെയോ 2025 പകുതിക്ക് മുന്‍പോ 125സിസി സിഎന്‍ജി സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രതിമാസം ആയിരം സ്‌കൂട്ടറുകള്‍ വിറ്റഴിക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

സ്‌കൂട്ടറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല. പെട്രോള്‍, ഇലക്ട്രിക്, സിഎന്‍ജി എന്നിങ്ങനെ വ്യത്യസ്ത ഇന്ധന ഓപ്ഷനുകള്‍ ഉപയോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ സ്‌കൂട്ടര്‍ ഉല്‍പ്പാദകരാണ് ടിവിഎസ്. സിഎന്‍ജി ടാങ്ക് സ്‌കൂട്ടറില്‍ എവിടെ ഘടിപ്പിക്കും എന്നതായിരിക്കും ഏറ്റവും വലിയ വെല്ലുവിളി എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വില 95000 രൂപയ്ക്ക് 1.10 ലക്ഷം രൂപയ്ക്ക് ഇടയില്‍ വരാനാണ് സാധ്യത. കഴിഞ്ഞ ദിവസമാണ് ബജാജ് ഫ്രീഡം 125 എന്ന പേരില്‍ സിഎന്‍ജി ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ലോകത്തെ ആദ്യ സിഎന്‍ജി ബൈക്കാണിത്.

Be the first to comment

Leave a Reply

Your email address will not be published.


*