36 വര്‍ഷം അധ്യാപകൻ, വൈസ് ചാന്‍സലറായി 4 വര്‍ഷം: സേവനം പൂര്‍ത്തിയാക്കി പ്രൊഫ. സാബു തോമസ് എംജിയിൽ നിന്നും പടിയിറങ്ങി

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയെ സമാനതകളില്ലാത്ത വളര്‍ച്ചയുടെ പാതയിലൂടെ നയിച്ച പ്രൊഫ. സാബു തോമസ് വൈസ് ചാന്‍സലര്‍ പദവിയില്‍നിന്ന് വിരമിച്ചു. അധ്യാപനം, ഗവേഷണം, നാനോ ടെക്നോളജി, അടിസ്ഥാന സൗകര്യ വികസനം, വിദേശ സര്‍വകലാശാലകളുമായുള്ള സഹകരണം, സംരംഭകത്വ പ്രോത്സാഹനം, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാബു തോമസ് വി.സി ആയിരുന്ന ഇക്കാലയളവില്‍ സര്‍വകലാശാലയ്ക്ക് സാധിച്ചിട്ടുണ്ട്. അധ്യാപകനെന്ന നിലയില്‍ 36 വര്‍ഷത്തെയും വൈസ് ചാന്‍സലറായി 4 വര്‍ഷത്തെയും സേവനം പൂര്‍ത്തിയാക്കി സഹപ്രവര്‍ത്തകരുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി എംജിയുടെ പടിയിറങ്ങുമ്പോള്‍ അദ്ദേഹം ഒരു കാര്യം പറയുന്നു. ഈ നിലയില്‍ മുന്നേറാനായാല്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ എം.ജി രാജ്യത്തെ മികച്ച 10 സര്‍വകലാശാലകളിലൊന്നായി മാറും.

2019 മെയ് 28നാണ് എംജി വൈസ് ചാന്‍സലറായി പ്രഫ. സാബു തോമസ് ചുമതലയേറ്റത്. ലാളിത്യവും എല്ലാവരെയും പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമീപനവുമാണ് പ്രൊഫ. സാബു തോമസിന്റെ വിജയത്തിന് പിന്നിലുള്ളതെന്നാണ് സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഒരേപോലെ പറയുന്നത്. അനേകം വിദ്യാര്‍ഥികള്‍ക്ക് ഉയരങ്ങളിലെത്താന്‍ സഹായകമായതും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘത്തെ ആഗോള പ്രശക്തമാക്കിയതും അതേ സമീപനവും അടിയുറച്ച ഗവേഷണാഭിമുഖ്യവുമാണ്. തുടര്‍ന്നിങ്ങോട്ട് സമഗ്രമായ പുരോഗതിയുടെ കാലഘട്ടത്തിനാണ് സര്‍വകലാശാല സാക്ഷ്യം വഹിച്ചത്. 127 പേരുടെ ഗവേഷണ ഗൈഡായി പ്രവര്‍ത്തിച്ചു. നൂറോളം രാജ്യാന്തര കോണ്‍ഫറന്‍സുകള്‍ക്ക് സര്‍വകലാശാല ആതിഥ്യം വഹിച്ചു. സംയുക്ത ഗവേഷണ പദ്ധതികളുടെയും കോണ്‍ഫറന്‍സുകളുടെയും ഭാഗമായി 80ഓളം രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി. അനേകം അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിദേശ രാജ്യങ്ങളില്‍ ഗവേഷണത്തിന് അവസരമൊരുക്കി.

ഇതിനോടകം 205 പുസ്തകങ്ങള്‍ എഴുതി. 1260 ഗവേഷണ പ്രസിദ്ധീകരണങ്ങളും 15 പേറ്റന്റുകളും സാബു തോമസിന്റെ പേരിലുണ്ട്. ഫ്രാന്‍സ്, റഷ്യ എന്നിവിടങ്ങളില്‍നിന്നായി 3 സര്‍വകലാശാലകളുടെ ഹോണറി ഡോക്റ്ററേറ്റിന് തെരഞ്ഞെടുക്കപ്പെട്ടു. സര്‍വകലാശാലകളുടെ ആഗോള റാങ്കിങില്‍ 400നും 500നും ഇടയില്‍ ഇടം നേടാന്‍ എം.ജി സര്‍വകലാശാലയ്ക്ക് സഹായകമായത് ഗവേഷണത്തിലും സംരംഭകത്വത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ്. വൈസ് ചാന്‍സലര്‍ പദവിയിലെ അവിസ്മരണീയ നേട്ടം ഇതാണെന്നും അദ്ദേഹം പറയുന്നു. ദേശീയ റാങ്കിങിലും ശ്രദ്ധേയമായ മുന്നേറ്റം നടത്താന്‍ ഈ കാലയളവിൽ സര്‍വകലാശാലയ്ക്ക് സാധിച്ചു.

1989 മുതല്‍ വിവിധ വിദേശ സര്‍വകലാശാലകളില്‍ പോസ്റ്റ് ഡോക്റ്ററല്‍, വിസിറ്റിങ് പ്രൊഫസറായി പ്രവര്‍ത്തിക്കുന്ന സാബു തോമസ് വിരമിക്കുന്നതിനു മുന്‍പ് ആറാം തലമുറ വയര്‍ലെസ് നെറ്റ് വര്‍ക്കുകളില്‍ വൈദ്യുത കാന്തിക തരംഗങ്ങളുടെ സുഗമ നീക്കത്തിന് സഹായകമായ പരിസ്ഥിതി സൗഹൃദ ഷീല്‍ഡുകള്‍ വികസിപ്പിച്ച ഗവേഷണത്തിനും നേതൃത്വം നല്‍കി. ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി ഫെലോഷിപ്പ്, പ്രഫ. സുകുമാര്‍ മെയ്തി നാഷണല്‍ അവാര്‍ഡ് ഫോര്‍ ബെസ്റ്റ് പോളിമെര്‍ റിസര്‍ച്ചര്‍, സ്ലൊവേനിയയിലെ ജോസെഫ് സ്റ്റീഫന്‍ ഇൻറ്റിറ്റൂട്ടിലെ ഡിസ്റ്റിംഗുഷ്ട് പ്രഫസര്‍ അവാര്‍ഡ്, ഡോ.എപിജെ അബ്ദുല്‍ കലാം അവാര്‍ഡ് ഫോര്‍ സയന്‍സ് എക്‌സലന്‍സ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മികച്ച സര്‍വകലാശാലയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചാന്‍സലേഴ്‌സ് അവാര്‍ഡ് 3 തവണ എം.ജി സര്‍വകലാശാല സ്വന്തമാക്കി.

സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഡയറക്റ്റര്‍, ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ് ഡീന്‍, സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം, ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജി, സ്‌കൂള്‍ എനര്‍ജി മെറ്റീരിയല്‍സ് എന്നിവയുടെ സ്ഥാപക ഡയറക്റ്റര്‍, മഹാത്മാ ഗാന്ധി ഇന്നവേഷന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍, പ്രോ വൈസ് ചാന്‍സലര്‍ തുടങ്ങിയ പദവികളും സാബു തോമസ് വഹിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*