വോഡഫോൺ ഐഡിയയും നിരക്ക് വർധിപ്പിച്ചു; ആനുകൂല്യങ്ങളിൽ മാറ്റമില്ല

റിലയൻസ് ജിയോയ്ക്കും എയർടെലിനും പിന്നാലെ വോഡഫോൺ ഐഡിയയും നിരക്ക് വർധിപ്പിച്ചു. ജൂലായ് നാല് മുതൽ വർധനവ് നിലവിൽ വരും. എയർടെലിന് സമാനമായ നിരക്ക് വർധനയാണ് വോഡ‍ഫോൺ ഐഡിയയിലും വരുത്തിയിരിക്കുന്നത്. നിലവിൽ വോഡഫോൺ ഐഡിയയുടെ ഏറ്റവും ചെറിയ പ്ലാനിന് 179 രൂപയാണ് വില. ഇത് 199 രൂപയായി വർധിപ്പിച്ചു.

പ്രതിദിനം 1 ജിബി ഡാറ്റ ലഭിക്കുന്ന 28 ദിവസത്തെ പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ നിരക്കായ 269 രൂപയുടെ പ്ലാനിന് ഇനിമുതൽ 299 രൂപ നൽകേണ്ടി വരും. 28 ദിവസം 1.5 ജിബി ഡേറ്റ ലഭിക്കുന്ന 299 രൂപയുടെ പ്ലാൻ നിരക്ക് 349 രൂപയായി വർധിപ്പിച്ചു. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്താക്കളുള്ള റിലയൻസ് ജിയോ 12.5 മുതൽ 25 ശതമാനം വരെ വർധനയാണ് വിവിധ പ്ലാനുകളിൽ വരുത്തിയിരിക്കുന്നത്. എയർടെൽ 11 മുതൽ 21 ശതമാനം വരെയാണ് വർധനയാണ് വരുത്തിയിരിക്കുന്നത്.

ജൂലൈ 3 മുതൽ ജിയോയുടെയും എയർടെല്ലിന്റെയും പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.മെച്ചപ്പെട്ട രീതിയിൽ ടെലികോം കമ്പനികൾക്ക് പ്രവർത്തിക്കണമെങ്കിൽ ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 300 രൂപയിൽ കൂടുതൽ വേണമെന്ന നിലപാടാണ് എയർടെൽ‌ താരിഫ് ഉയർത്താൻ കാരണം.

Be the first to comment

Leave a Reply

Your email address will not be published.


*