
കോട്ടയം: ഗാന്ധിനഗറിലെ പെട്രോൾ പമ്പിൽ നിന്നും ആറു മാസം കൊണ്ട് ഏഴു ലക്ഷം രൂപയുടെ ഇന്ധനം മോഷ്ടിച്ച ജീവനക്കാരനും, ഇന്ധനം നിറച്ച രണ്ട് വാഹന ഉടമകളും പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നു പേരെയും പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബജാജ് ഫിനാൻസ് ജീവനക്കാരൻ അമ്മഞ്ചേരി സ്വദേശി ടിജോ ജോൺ, പെട്രോൾ പമ്പ് ജീവനക്കാരൻ രാഹുൽ, ഇന്ധനം നിറച്ചിരുന്ന മറ്റൊരു യുവാവ് എന്നിവരെയാണ് കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വർഷങ്ങളായി ഗാന്ധിനഗറിലെ പെട്രോൾ പമ്പ് കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പാണ് ഇപ്പോൾ പുറത്ത് വന്നത്. ഗാന്ധിനഗർ ജംഗ്ഷനിൽ മെഡിക്കൽ കോളേജ് റോഡിൽ പ്രവർത്തിച്ചിരുന്ന പമ്പിലാണ് വ്യാപക ക്രമക്കേട് നടന്നിരുന്നത്. പെട്രോൾ പമ്പിൽ പുലർച്ചെ ടെസ്റ്റിനായി 30 ലിറ്റർ ഇന്ധനം മാറ്റി വച്ചിരുന്നു. ഈ പെട്രോൾ പരിശോധനയ്ക്ക് ശേഷം തിരികെ ടാങ്കിലേയ്ക്ക് ഒഴിയ്ക്കണമെന്നാണ് ചട്ടം.
ഈ പഴുത് മുതലെടുത്താണ് രാഹുൽ തട്ടിപ്പ് നടത്തിയത്. പുലർച്ചെ മൂന്നു മണിയോടെ രാഹുൽ പമ്പിൽ എത്തിയ ശേഷം ഇന്ധനം ടെസ്റ്റിനായി എടുക്കും. ടെസ്റ്റിന് ശേഷം സിസിടിയ്ക്ക് പുറം തിരിഞ്ഞ് നിന്ന് ഇന്ധനം ടാങ്കിലേയ്ക്ക് ഒഴിക്കുന്നതായി ആക്ഷൻ കാണിക്കും. തുടർന്ന്, ഇവിടെ എത്തുന്ന ടിജോ ജോണിനും മറ്റു പലർക്കും പല വാഹനങ്ങളിലായി ഇന്ധനം നിറച്ച് നൽകും. ബജാജ് ഫിനാൻസ് ജീവനക്കാരനായ ടിജോയ്ക്ക് 50 രൂപയ്ക്കാണ് ഇന്ധനം നൽകിയിരുന്നത്. സിസിടിവി ക്യാമറയെ തെറ്റിധരിപ്പിക്കാൻ എടിഎം കാർഡ് സൈ്വപ്പിംങ് മെഷീനിൽ ഉരയ്ക്കുന്നതായി കാണിക്കും. ഇത്തരത്തിലാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.
കണക്കിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടതോടെ പമ്പ് ഉടമ ഗാന്ധിനഗർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു സിസിടിവി ക്യമാറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസ് സംഘം മൂന്നു പ്രതികളെയും കസ്റ്റഡിയിൽ എടുത്തു. ബജാജ് ഫിനാൻസ് ജീവനക്കാരനായ ടിജോ പകുതി വിലയ്ക്ക് പെട്രോൾ വാങ്ങിയ ശേഷം ബജാജ് ഫിനാൻസിൽ നിന്നും ടിഎയും എഴുതി വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. പമ്പിൽ നിന്നും പെട്രോളും – ഡീസലും കൈപ്പറ്റിയ കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Be the first to comment