തൃശ്ശൂര്‍: നഗരത്തില്‍ ആവേശം വിതറി പുലികളി. ഏഴു സംഘങ്ങളിലായി 350 ലേറെ പുലികളാണ് ഇന്ന് നാലുമണിയോടെ സ്വരാജ് റൗണ്ടിലിറങ്ങിയത്. അരമണി കുലുക്കി, അസുരതാളത്തോടെ പുലികള്‍ സ്വരാജ് റൗണ്ടില്‍ ജനങ്ങളെ ആവേശത്തിലാറാടിച്ചു.
ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത വിയ്യൂര്‍ ദേശത്ത് നിന്ന് രണ്ട് സംഘങ്ങളുണ്ട് എന്നതാണ്. കൂട്ടത്തില്‍ കുഞ്ഞിപ്പുലികളും പെണ്‍പുലികളുമുണ്ട്. പൂരം കഴിഞ്ഞാല്‍ തൃശ്ശൂരുകാര്‍ ഏറ്റവും ആവേശത്തോടെ ആഘോഷിക്കുന്ന ഒന്നാണ് പുലികളി.
ചമയമരയ്ക്കല്‍ ഇന്നലെ തന്നെ തുടങ്ങിയിരുന്നു. രാവിലെ മുതല്‍ പുലിമടകളില്‍ ചായമെഴുത്ത് തുടങ്ങി. ഇത്തവണ പിങ്ക് പുലിയും നീല പുലിയും തുടങ്ങി പലവിധ വര്‍ണങ്ങളിലുള്ള പുലികളുണ്ട്. പാട്ടുരായ്ക്കല്‍ ദേശമാണ് ആദ്യം പ്രവേശിച്ചത്. അതോടു കൂടിയാണ് ഫ്‌ളാഗ് ഓഫ്. പിന്നാലെ ഓരോ സംഘവും സ്വരാജ് റൗണ്ടിലിറങ്ങുകയാണ് ചെയ്യുക.
സ്വരാജ് ഗ്രൗണ്ടില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എട്ടടി ഉയരമുള്ള ട്രോഫിയും അറുപത്തിരണ്ടായിരം രൂപയുമാണ് ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. 50,000, 43750 എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനത്തിനുള്ള സമ്മാനത്തുക. പുലിക്കൊട്ടിനും വേഷത്തിനും വണ്ടിക്കും അച്ചടക്കത്തിനും പ്രത്യേകം സമ്മാനമുണ്ട്. എട്ടുമണിയോടെ അവസാന പുലിയും റൗണ്ട് വിട്ട് മടങ്ങുന്നതോടെ തൃശൂരിന്റെ ഓണത്തിന് കൊടിയിറങ്ങും.
Be the first to comment