ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ രാജ്യത്തെ പ്രമുഖ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെലും മൊബൈല്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചു. വിവിധ പ്ലാനുകളില്‍ 10 മുതല്‍ 21 ശതമാനം വരെയാണ് താരിഫ് നിരക്ക് കൂട്ടിയത്. റിലയന്‍സിന് സമാനമായി ജൂലൈ മൂന്നിന് എയര്‍ടെലിന്റെ പുതുക്കിയ താരിഫ് നിരക്കും നിലവില്‍ വരും. പത്താമത്തെ സ്‌പെക്ട്രം ലേലത്തിന് തൊട്ടുപിന്നാലെയാണ് മൊബൈല്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള മൊബൈല്‍ താരിഫ് വര്‍ധന.
കുറഞ്ഞ പ്ലാനുകളില്‍ പ്രതിദിനം 70 പൈസയില്‍ താഴെ മാത്രമാണ് വര്‍ധനയെന്ന് എയര്‍ടെല്‍ അറിയിച്ചു. അതുകൊണ്ട് തന്നെ ഉപയോക്താവിന്റെ ബജറ്റിനെ കാര്യമായി ഇത് ബാധിക്കില്ല. സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 300 രൂപയിലധികമായി വര്‍ധിപ്പിക്കേണ്ടതുണ്ട്. നെറ്റ്വര്‍ക്ക് ടെക്നോളജിയിലും സ്പെക്ട്രത്തിലും ആവശ്യമായ നിക്ഷേപം നടത്താന്‍ ഈ താരിഫ് വര്‍ധന സഹായകമാകുമെന്നും എയര്‍ടെല്‍ പ്രസ്താവനയില്‍ പറഞ്ഞു.
അണ്‍ലിമിറ്റഡ് വോയ്സ് പ്ലാനുകളില്‍ ഏകദേശം 11 ശതമാനമാണ് താരിഫ് വര്‍ധന. ഇതനുസരിച്ച് നിരക്ക് 179 രൂപയില്‍ നിന്ന് 199 രൂപയായും 455 രൂപയില്‍ നിന്ന് 509 രൂപയായും 1,799 രൂപയില്‍ നിന്ന് 1,999 രൂപയായും വര്‍ധിപ്പിച്ചതായും എയര്‍ടെല്‍ അറിയിച്ചു. പ്രതിദിന ഡാറ്റ പ്ലാന്‍ വിഭാഗത്തില്‍, 479 രൂപയുടെ പ്ലാന്‍ 579 രൂപയായാണ് ഉയര്‍ത്തിയത്. 20.8 ശതമാനം വര്‍ധന.
Be the first to comment