
കോട്ടയം: വടകരയിലെ മിന്നുന്ന വിജയത്തിന് പിന്നാലെ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ച് ഷാഫി പറമ്പിൽ.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ചു തുടങ്ങിയ ഷാഫി, വിജയത്തിന് ശേഷവും ആദ്യമെത്തിയത് ഇവിടേക്കുതന്നെ. വൈകാരികമായി ഉമ്മൻചാണ്ടിയെ അനുസ്മരിച്ച ഷാഫി അദ്ദേഹവുമായി തന്നെ താരതമ്യം ചെയ്യുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് ഇങ്ങനെ പ്രതികരിച്ചു-
“അത് വിവരക്കേടാണ്. ഉമ്മൻചാണ്ടി സാറുമായി താരതമ്യം ചെയ്യുന്നത് തന്നെ വിവരക്കേടാണ്. അതുപോലൊരു ആള്‍ ഇനിയുണ്ടാവില്ല. അതുപോലെയാവാൻ ആർക്കും പറ്റുകയുമില്ല. ജീവിതം മുഴുവൻ ജനങ്ങള്‍ക്ക് വേണ്ടി നീക്കി വെച്ചയാളാണ്. രാജ്യത്തെന്നല്ല, ലോകത്തു തന്നെ ഇത്രത്തോളം ജനങ്ങളുമായി ഇടപഴകിയ ഒരു നേതാവില്ല. അവിടെ ഒരു വെളിച്ചമുണ്ട്. ആ വെളിച്ചം നോക്കിനടക്കാൻ ആഗ്രഹിക്കുന്ന അനേകം നേതാക്കളിൽ ഒരാളാണ് ഞാൻ. സാറുണ്ടായിരുന്നെങ്കിൽ ഇന്നലെ അത്രത്തോളം സന്തോഷിക്കുമായിരുന്നു”
കോളേജില്‍ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടിയെ പരിചയപ്പെടുന്നതെന്ന് ഷാഫി പറഞ്ഞു. ഇപ്പോള്‍ ഇവിടെ എത്തി നില്‍ക്കുന്നു. ആ വഴിയിലൂടെ നടക്കാനാണ് ശ്രമിക്കുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. വടകരയുടെ രാഷ്ട്രീയ വിജയമാണ് ഇന്നലെ കണ്ടത്. വ്യാജ സ്‌ക്രീന്‍ ഷോട്ടിന് പിന്നാല്‍ ആരാണെന്ന് കണ്ടെത്തണം. വടകരയിൽ വര്‍ഗീയത പറഞ്ഞ് ഭിന്നിപ്പിക്കാന്‍ നോക്കിയെന്നും ഷാഫി പ്രതികരിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കുമെന്ന് അവകാശപ്പെട്ട ഷാഫി, സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കുമെന്നും പറഞ്ഞു. പാലക്കാട്ടുകാരൻ തന്നെയാകുമോ സ്ഥാനാർഥി എന്ന ചോദ്യത്തിന് സ്ഥാനാർഥി മലയാളിയായിരിക്കുമെന്ന് മറുപടി. ഇടുക്കി എം പി ഡീൻ കുര്യാക്കോസും ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർഥിച്ചു.
Be the first to comment