മണിപ്പൂരിൽ നടന്നത് കൊടിയ മനുഷ്യാവകാശ ലംഘനമെന്ന് യു എസ്

ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘര്‍ഷത്തിനു പിന്നാലെ മണിപ്പൂരില്‍ അരങ്ങേറിയത് കൊടിയ മനുഷ്യാവകാശ ലംഘനമെന്ന് അമേരിക്ക. മനുഷ്യാവകാശത്തെകുറിച്ചുള്ള അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിൻ്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മണിപ്പൂര്‍ സംഭവം ലജ്ജാവഹമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ബിബിസി ഓഫീസിലെ ആദായനികുതി വകുപ്പിൻ്റെ പരിശോധനയും ഗുജറാത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് വിധിച്ച രണ്ടു വര്‍ഷത്തെ തടവ് ശിക്ഷയും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉൾപ്പെട്ടിട്ടുണ്ട്. 

”ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ കുകി-മെയ്തി സമുദായങ്ങൾക്കിടയില്‍ കഴിഞ്ഞ വര്‍ഷം പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമായി. മേയ് മൂന്ന് മുതല്‍ നവംബര്‍ 15 വരെ കുറഞ്ഞത് 175 പേരെങ്കിലും കൊല്ലപ്പെടുകയും 60,000ത്തിലധികം പേര്‍ നാടുവിടുകയും ചെയ്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു,” വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും സായുധകലാപം, ബലാത്സംഗം, ആക്രമണം, വീടുകളുടെയും ആരാധനാലയങ്ങളുടെയും തകര്‍ച്ച എന്നിവ റിപ്പോര്‍ട്ട് ചെയിതിട്ടുണ്ടെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അക്രമം തടയുന്നതിനും മനുഷ്യാവകാശ സഹായങ്ങള്‍ നല്‍കുന്നതിനും സര്‍ക്കാര്‍ കാണിക്കുന്ന വൈകിയ നടപടികളെ പ്രാദേശിക മനുഷ്യാവകാശ സംഘടനകള്‍, ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘര്‍ഷം ബാധിക്കുന്ന വിഭാഗങ്ങള്‍ എന്നിവര്‍ വിമര്‍ശിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പൗരസമൂഹ സംഘടനകള്‍, സിഖ്, മുസ്‌ലിം തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവരെ അപകീർത്തിപ്പെടുത്താനുള്ള തന്ത്രങ്ങൾ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പ്രയോഗിച്ചതായുള്ള മാധ്യമ വാർത്തകളും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇതാദ്യമായല്ല മണിപ്പൂര്‍ അക്രമത്തെക്കുറിച്ച് വിദേശ ശക്തികള്‍ വിമര്‍ശിക്കുന്നത്. അക്രമത്തിനെതിരെ അന്വേഷണം നടത്താനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും സമയബന്ധിതമായ നടപടി സ്വീകരിക്കാനും ഐക്യരാഷ്ട്ര സഭ വിദഗ്ദര്‍ സെപ്റ്റംബര്‍ നാലിന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ രാജ്യത്തിൻ്റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ശക്തികൾ ഇടപെടരുതെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. നീതിന്യായ വ്യവസ്ഥയടക്കം എല്ലാ തലത്തിലുമുള്ള ഇന്ത്യന്‍ അധികൃതർ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും സമാധാനവും സാഹോദര്യവും ക്രമസമാധാനവും നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു മണിപ്പൂരിലെ സ്ഥിതിഗതികള്‍ യൂറോപ്യന്‍ പാര്‍ലമെന്റ് വിലയിരുത്തുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു കഴിഞ്ഞ വർഷം വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*