മലപ്പുറം : തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിലെത്തി. രണ്ട് മണ്ഡലങ്ങളിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുലിന് വൻ വരവേൽപ്പാണ് നൽകിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ വാഹനത്തിൽ കയറി ജനങ്ങളെ കണ്ടു. നിരവധി പേരാണ് റോഡിന് ഇരുവശവും രാഹുലിനെ കാണാൻ നിരന്നത്. തുടർന്ന് എടവണ്ണയിലൊരുക്കിയ പൊതുപരിപാടിയിലേക്ക് രാഹുലെത്തി. മുസ്ലിം ലീഗ്, കെഎസ്‍യു, കോൺഗ്രസ് പതാകകൾ വീശിയാണ് പ്രവർത്തർ രാഹുലിന് വേദിയിലേക്ക് സ്വീകരണം നൽകിയത്.
നേരത്തെ ലീഗിന്റെ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട് അരീക്കോട് സംഘർഷം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലീഗ് പതാക ഉയർത്തിയുള്ള സ്വീകരണം. പരിപാടിയിൽ സംസാരിക്കവെ, രാഹുൽ ഗാന്ധിയോട് ഇഷ്ടമുള്ള മണ്ഡലം നിലനിർത്താൻ പികെ ബഷീർ എംഎൽഎ ആവശ്യപ്പെട്ടു. ഏത് മണ്ഡലം നിലനിർത്തിയാലും വയനാട് സന്തോഷത്തോടെ സ്വീകരിക്കുമെന്നും കോൺഗ്രസിന്റെ ഭാവിയാണ് പ്രധാനമെന്നും ബഷീർ പറഞ്ഞു.
രാഹുലിനെ വേദിയിൽ ഇരുത്തിയാണ് പികെ ബഷീറിന്റെ പ്രസംഗം. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മത്സരിച്ച രാഹുൽ പിന്നീട് ഉത്തർപ്രദേശില റായ്ബറേലിയിലും മത്സരിച്ചിരുന്നു. ഇരു മണ്ഡലത്തിൽ നിന്നും മൂന്ന് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് രാഹുൽ വിജയിച്ചത്. സോണിയാ ഗാന്ധി ഒഴിഞ്ഞ, ഗാന്ധി കുടുംബത്തിന്റെ സ്വന്തം മണ്ഡലമാണ് റായ്ബറേലി. ഇരു മണ്ഡലങ്ങളിലും ജയിച്ചതോടെ ഏത് മണ്ഡലമാകും രാഹുൽ നിലനിർത്തുക എന്ന ചർച്ച ഉയർന്നിരുന്നു. വയനാടാകും ഉപേക്ഷിക്കുക എന്നാണ് സൂചന. ഇക്കാര്യം ഇന്ന് രാഹുൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
Be the first to comment