രണ്ട് വർഷത്തെ ബഹിഷ്കരണം അവസാനിപ്പിച്ച് ഇപി; യെച്ചൂരിയെ കാണാൻ ഇൻഡി​ഗോയിൽ ഡൽഹിയിൽ

കണ്ണൂർ: ഇൻഡിഗോ ബഹിഷ്കരണം അവസാനിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ അവസാനമായി കാണാനായി ഡൽഹിയിലേക്ക് പോകാൻ വേണ്ടിയാണ് അദ്ദേഹം ഇൻഡി​ഗോയിൽ കയറിയത്. ഇന്നലെ രാത്രി കരിപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ജയരാജൻ ഡൽഹിക്ക് പോയത്. രണ്ട് വർഷത്തിനു ശേഷമാണ് അദ്ദേഹം ഇൻഡി​ഗോയിൽ യാത്ര ചെയ്യുന്നത്.

ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇപിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇൻഡിഗോ സർവീസ് ഇ.പി ബഹിഷ്കരിച്ചത്. 2022 ജൂൺ 13നാണ് കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവമുണ്ടായത്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടായിരുന്നു യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് മുന്നോട്ടു നീങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി.ജയരാജൻ സീറ്റുകൾക്കിടയിലേക്ക് തള്ളിയിട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.

മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ട് ആഴ്ചത്തേക്കു തടഞ്ഞ ഇ.പി. ജയരാജന് മൂന്ന് ആഴ്ചത്തെ വിമാന യാത്രാവിലക്ക് ഏർപ്പെടുത്തി. ഇതോടെ ഇൻഡിഗോ വിമാനത്തിലെ യാത്ര അവസാനിപ്പിക്കുന്നതായി ജയരാജൻ പ്രഖ്യാപിച്ചു. കണ്ണൂരിലേക്കും തിരിച്ച് തിരുവനന്തപുരത്തേക്കും ഇൻഡിഗോ ആയിരുന്നു അന്ന് പ്രധാനമായി സർവീസ് നടത്തിയിരുന്നത്. മറ്റു വിമാനങ്ങളില്ലാത്തതിനാൽ ജയരാജന്റെ യാത്ര പിന്നീട് ട്രെയിനിലായി. ഇൻഡിഗോ അധികൃതർ പലതവണ ആവശ്യപ്പെട്ടെങ്കിലും ബഹിഷ്കരണം തുടരുകയായിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*