ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളര്‍ ഒന്നിന് ഒന്‍പത് പൈസയുടെ നഷ്ടം നേരിട്ടതോടെ രൂപ വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. 84.89 എന്ന നിലയിലേക്കാണ് രൂപയൂടെ മൂല്യം താഴ്ന്നത്.
അമേരിക്കന്‍ കടപ്പത്രവിപണി കൂടുതല്‍ അനുകൂലമായതും ഇന്ത്യന്‍ ഓഹരി വിപണിയിലെ ഇടിവുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഇന്ന് 84.83 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് ആറുപൈസയുടെ ഇടിവോടെ 84.89ലേക്ക് കൂപ്പുകുത്തുകയായിരുന്നു. വെള്ളിയാഴ്ച സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചുകയറിയിരുന്നു. എട്ടുപൈസയുടെ നേട്ടത്തോടെ 84.80 എന്ന തലത്തിലേക്കാണ് തിരിച്ചുകയറിയത്. വ്യാഴാഴ്ച രേഖപ്പെടുത്തിയ 84.88 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയാണ് ഇന്ന് തിരുത്തിയത്.
ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 384 പോയിന്റിന്റെ നഷ്ടത്തോടെ 81,748 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 24,700 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം രേഖപ്പെടുത്തിയത്.
Be the first to comment