വിവാഹ മോചിതയായ മുസ്ലീം സ്ത്രീകള്‍ക്ക് സിആര്‍പിസി നിയമമനുസരിച്ച് ജീവനാംശം ആവശ്യപെടാമെന്ന സുപ്രീം കോടതി വിധിക്കെതിരെ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്ന വിധിക്കെതിരെയാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് രംഗത്തെത്തിയിട്ടുള്ളത്. സുപ്രീം കോടതി വിധിയെ മറികടക്കാനുള്ള നടപടികള്‍ ആലോചിക്കുന്നതിന് ബോര്‍ഡ് പ്രസിഡന്റ് ഖാലിദ് സൈഫുള്ള റഹ്മാനിയയെ ചുമതലപെടുത്തുകയും ചെയ്തു. ഇത് സംബന്ധിച്ച പ്രമേയം ബോർഡ് പാസ്സാക്കി. വിവാഹ മോചിതയായ സ്ത്രീകൾക്ക് മുസ്ലീം വ്യക്തി നിയമം അനുശാസിക്കുന്നതിൽ കൂടുതൽ കാലം ജീവനാംശം നൽകുന്നതിനെ എതിർക്കുന്ന മുസ്ലീം വ്യക്തി നിയമ ബോർഡ്, അരികുവൽക്കരിക്കപ്പെട്ട മുസ്ലീങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നും ആരോപിച്ചിട്ടുണ്ട്.
മുത്തലാക്കിലൂടെ നിയമവിരുദ്ധമായി വിവാഹമോചിതയാക്കപ്പെട്ട മുസ്ലിം സ്ത്രീകൾക്ക് സിആർപിസി 125 ാം വകുപ്പ് അനുസരിച്ച് ഭർത്താവിൽ നിന്നും ജീവനാംശം ആവശ്യപ്പെടാൻ അവകാശമുണ്ടെന്നായിരുന്നു കോടതി വിധിയാണ് ഇപ്പോൾ ഇവരെ പ്രകോപിപ്പിച്ചത്. മതങ്ങൾക്കതീതമായ എല്ലാ നിയമങ്ങളും മുസ്ലിം സ്ത്രീകൾക്കും ബാധകമാണെന്നായിരുന്നു കോടതി പറഞ്ഞത്. നേരത്തെയും സമാനമായ വിധികൾ ഉണ്ടായിരുന്നു. ഷാബാനു കേസിൽ സമാനമായ വിധി മറികടക്കാൻ വ്യക്തി നിയമ ബോർഡ് ഉൾപ്പെടെയുള്ള മുസ്ലീം യാഥാസ്ഥിക ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് 1986 ൽ രാജീവ് ഗാന്ധി നിയമം കൊണ്ടുവന്നത്. ഇത് നിലനിൽക്കുമ്പോഴും പൊതു നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് മുസ്ലീം സ്ത്രീകൾക്ക് കോടതിയെ സമീപിക്കാമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വിധി.
വിഷയം ചർച്ച ചെയ്യാൻ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ പ്രവർത്തക സമിതി ഞായറാഴ്ച്ച ഡൽഹിയിൽ ചേർന്നു. അല്ലാഹു ഏറ്റവും ദേഷ്യത്തോടെ കാണുന്നത് വിവാഹ മോചനത്തെയാണെന്നും, ഏതു വിധേനയും വിവാഹബന്ധം തുടരുന്നതും നിലനിർത്തുന്നതുമാണ് അല്ലാഹു ആഗ്രഹിക്കുന്നതെന്നും പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് യോഗം വിലയിരുത്തി. വൈവാഹിക ജീവിതം ദുഷ്കരമാകുന്ന സാഹചര്യത്തിൽ ഒരു പരിഹാരമായാണ് വിവാഹമോചനത്തെ കാണേണ്ടതെന്നും, വേദനാജനകമായ വിവാഹബന്ധങ്ങളിൽ നിന്ന് പുറത്തേക്കു വന്ന സ്ത്രീകളെ ഈ കോടതി വിധി കൂടുതൽ ബുദ്ധിമുട്ടിക്കുകയെ ഉള്ളു എന്നും മുസ്ലിം വ്യക്തി നിയമ ബോർഡ് അഭിപ്രായപ്പെട്ടു.
വിവാഹം തന്നെ നിലനിൽക്കാത്ത സാഹചര്യത്തിൽ മുൻ ഭാര്യമാരുടെ ചുമതല പുരുഷൻ ഏറ്റെടുക്കണമെന്ന നിലപാടിനെ തങ്ങൾ അംഗീകരിക്കുന്നില്ലെന്നും ബോർഡ് പ്രവർത്തക സമിതി വിലയിരുത്തി. മുസ്ലിം വ്യക്തി നിയമ ബോർഡ് ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനോടും പ്രതിപക്ഷത്തോടും സംസാരിക്കുമെന്നും അറിയിച്ചു. ജീവനാംശവുമായി ബന്ധപ്പെട്ട കാര്യം കൂടാതെ മറ്റു വിഷയങ്ങളും പ്രവർത്തക സമിതി ചർച്ച ചെയ്തു. അതിൽ ഒന്ന് ഏകീകൃത സിവിൽ കോഡ് ആണ്. സിവിൽ കോഡുമായി ബന്ധപ്പെട്ട് ബോർഡ് ഒരു തയ്യാറാക്കിയ ഹർജി ഈ മാസം ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും ബോർഡ് അറിയിച്ചു.
Be the first to comment