ഒന്നാം ക്ലാസ്സിൽ ചേരാനുള്ള പ്രായം അഞ്ചു വയസ്സ് തന്നെ; എസ്എസ്എൽസി, ഹയർസെക്കൻ്ററി ഒരുക്കങ്ങൾ പൂർത്തിയായി; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസിൽ വേണമെന്നാണ് സംസ്ഥാനത്തിൻ്റെ നിലപാടെന്ന് മന്ത്രി വി ശിവൻകുട്ടി. 5 വയസിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾ പ്രാപ്തരാവുകയാണെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനത്തിനു 6 വയസ്സ് വേണമെന്ന് കേന്ദ്രം വീണ്ടും നിർദേശം നൽകിയിരുന്നുവെങ്കിലും കേന്ദ്ര നിർദേശം ഇത്തവണയും കേരളം നടപ്പാക്കില്ല. മുൻ വർഷവും കേരളം കേന്ദ്രത്തിന്റെ ആവശ്യം തള്ളിയിരുന്നു.

എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത് 4,27,105 വിദ്യാര്‍ത്ഥികളാണ്. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലായി 2,971 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടാവുക.

2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും പരീക്ഷയെഴുതും. 1,67,772 കുട്ടികളാണ് മലയാളം മീഡിയത്തില്‍ പരീക്ഷ എഴുതുന്നത്. 2,56,135 വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പരീക്ഷയെഴുതും. ഗള്‍ഫ് മേഖലയില്‍ 536 കുട്ടികളും ലക്ഷദ്വീപില്‍ 285 കുട്ടികളും എസ്എസ്എല്‍സി പരീക്ഷയെഴുതും.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് തിരൂരങ്ങാടി പി.കെ.എം.എം.എച്ച്.എസ്. എടരിക്കോടാണ്. 2085 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രങ്ങള്‍ മൂവാറ്റുപുഴ എന്‍.എസ്.എസ്.എച്ച്.എസ്., തിരുവല്ല ഗവണ്‍മെന്റ് എച്ച്.എസ്. കുട്ടൂര്‍, ഹസ്സന്‍ ഹാജി ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ എച്ച്.എസ്., എടനാട് എന്‍.എസ്.എസ്. എച്ച്.എസ്. എന്നീ സ്‌കൂളുകളാണ്.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 8,55,372 വിദ്യാര്‍ത്ഥികളാണ് ആകെ പരീക്ഷ എഴുതുന്നത്. ഒന്നാം വര്‍ഷം 4,14,159 വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷം 4,41,213 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതും. 2017 പരീക്ഷ കേന്ദ്രങ്ങളാണ് ആകെയുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*