‘വിപ്ലവകരമായ പദ്ധതിയാണ് അഗ്നിപഥ്’; യുവാക്കളുടെ നല്ലഭാവിക്ക് വേണ്ടി അഭ്യർത്ഥിക്കുകയാണെന്ന് ജെ.പി നദ്ദ

വിപ്ലവകരമായ പദ്ധതിയാണ് അഗ്നിപഥെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പ്രധാനമന്ത്രിയിൽ വിശ്വസിക്കാൻ യുവാക്കളോട് അഭ്യർത്ഥിച്ച് ജെപി നദ്ദ രംഗത്തെത്തി. കർണാടകയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ”വിപ്ലവകരമായ ഒരു പദ്ധതിയാണ് അഗ്നിപഥെന്ന് യുവാക്കൾ മനസിലാക്കണം. എന്നാൽ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാലും ഞാൻ നിങ്ങളോട് പറയാനാഗ്രഹിക്കുന്നത് ഇതാണ്.. നിങ്ങൾ പ്രധാനമന്ത്രി മോദിയിൽ വിശ്വാസമർപ്പിക്കൂ. അഗ്നിപഥ് പദ്ധതി മനസിലാക്കാൻ ശ്രമിക്കൂ” ജെ.പി നദ്ദ പറഞ്ഞു. ”ഇതൊരു വലിയ അവസരമാണ്. പ്രക്ഷോഭത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന നമ്മുടെ യുവസുഹൃത്തുക്കൾ ചർച്ചയുടെ പാത തെരഞ്ഞെടുക്കാൻ ഞാൻ ആവശ്യപ്പെടുകയാണ്. നിങ്ങളുടെ നല്ലഭാവിക്ക് വേണ്ടി പദ്ധതിയെക്കുറിച്ച് ആഴത്തിൽ അറിയാനും മനസിലാക്കാനും ശ്രമിക്കുക. മോദിയുടെ നേതൃത്വത്തിൽ ബിജെപി എപ്പോഴും ചിന്തിക്കുന്നത് യുവാക്കളെയും രാജ്യത്തെയും കുറിച്ചാണെന്നും ഓർക്കുക.” ജെപി നദ്ദ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*