കെഎസ്ഇബി ജീപ്പിന്റെ മുകളിൽ തോട്ടി; 20,500 രൂപ പിഴയിട്ട് എഐ ക്യാമറ

ടച്ചിങ് വെട്ടാൻ തോട്ടിയുമായി പോയ കെഎസ്ഇബി ജീപ്പിന് 20,500 രൂപ പിഴയിട്ട് എഐ ക്യാമറ. വയനാട് അമ്പലവയൽ കെഇഎസ്ബിയിലെ ജീപ്പിനാണ് മോട്ടർ വാഹനവകുപ്പിന്റെ ഉഗ്രൻ പണികിട്ടിയത്. വൈദ്യുതി ലൈനിനോടു ചേർന്ന് കിടക്കുന്ന മരക്കൊമ്പുകൾ നീക്കുന്നതിന്റെ ഭാഗമായി തോട്ടിയുൾപ്പെടെയുള്ള സാധാനങ്ങളുമായി പോകുന്ന ജീപ്പാണ് അമ്പലവയല്‍ ടൗണിലെ എഐ ക്യാമറയിൽ കുടുങ്ങിയത്.

വാഹനത്തിനു മുകളിൽ തോട്ടി കയറ്റിയതിന് 20,000 രൂപയും വാഹനം ഓടിച്ചിരുന്ന ഡ്രൈവർ സീറ്റ് ബെൽ‌റ്റ് ഇടാത്തതിന് 500 രൂപയുമാണു പിഴ ഈടാക്കിയത്. ടച്ചിങ് വെട്ടാൻ കരാർ അടിസ്ഥാനത്തിൽ ഒ‍ാടുന്ന വാഹനത്തിനാണ് പിഴ. പിന്നീട് കെഎസ്ഇബി മോട്ടർ വാഹനവകുപ്പ് അധികൃതരുമായി സംസാരിക്കുകയും സാധനങ്ങൾ കയറ്റിയതിനുളള 20,000 രൂപ പിഴ ഒഴിവാക്കി. എന്നാൽ, സീറ്റ് ബെൽറ്റ് ഇടാത്തതിനുള്ള 500 രൂപ അടയ്ക്കണം.

വിവിധ ജോലികൾക്ക് ആവശ്യമായ വസ്തുക്കൾ ജീപ്പിൽ കൊണ്ടുപോകേണ്ടി വരുമെന്നും ആ സമയങ്ങളിൽ എഐ ക്യാമറയിൽപെടാൻ സാധ്യതയുണ്ടെന്നും എന്നാൽ ഇതിനു മറ്റ് വഴികളിലെന്നും കെഎസ്ഇബി അധികൃതർ പറയുന്നു. ഇനിയും ക്യാമറയിൽ കുടുങ്ങുകയാണെങ്കിൽ മോട്ടർ വാഹന വകുപ്പുമായി ബന്ധപ്പെട്ട് ഈ പ്രശ്നത്തിന് ശ‍ാശ്വതമായി പരിഹാരം കാണാനുള്ള ഒരുക്കത്തിലാണ് കെഎസ്ഇബി.

Be the first to comment

Leave a Reply

Your email address will not be published.


*