പാലക്കാട്: ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാതകൾ മുന്‍കൂട്ടി അറിയാനും നടപടികൾ സ്വീകരിക്കുന്നതിനുമായി എഐ ക്യാമറകൾ സ്ഥാപിക്കുന്നു. ഡിജിറ്റൽ അക്വാസ്റ്റിക് സെൻസിങ് (ഡിഎഎസ്) എന്ന നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനത്തിന്‍റെ ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയിൽ നടന്നു. പരീക്ഷണത്തിന്‍റെ ആദ്യഘട്ടം വിജയകരമായിരുന്നെന്നും അധികൃതർ പറയുന്നു. ഈ വഴിയിലൂടെയാണ് കാട്ടാനകൾ മലമ്പുഴ ആറങ്ങോട്ടുകുളമ്പ്, വേനോലി തുടങ്ങിയ ജനവാസ മേഖലകളിലേക്ക് സ്ഥിരമായി എത്തുന്നത്.
രാത്രിയിലും പകലിലും ചിത്രം പകർത്താൻ കഴിയുന്ന തെർമൽ ക്യാമറയുടെ പരീക്ഷണമാണ് നടന്നത്. ഭൂമിക്കടിയിൽ ഒരു മീറ്റർ ആഴത്തിൽ കുഴിച്ചിട്ട ഒപ്ടിക്കൽ ഫൈബർ കേബിൾ വഴി കൺട്രോൾ സ്റ്റേഷനിൽ വിവരം കിട്ടുന്നവിധത്തിലാണ് സംവിധാനം. മനുഷ്യനോ മൃഗങ്ങളോ നടക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനങ്ങളെ ഒപ്റ്റിക്കൽ ഫൈബർ കേബിളിലൂടെ നിരന്തരം കടന്നുപോകുന്ന ലേസർ തരംഗങ്ങൾ പിടിച്ചെടുത്ത്, നിർമിതബുദ്ധി അധിഷ്ഠിത സോഫ്റ്റ്‌വെയറിൽ വിശകലനം ചെയ്താണ് വിവരം നൽകുക. ഇത് തത്സമയം ദ്രുത പ്രതികരണ സേന (ആർആർടി) ടീമിനെ വാട്സ്ആപ്പ്, ടെലിഗ്രാം, എസ്എംഎസ്, ഇ-മെയിൽ എന്നിവവഴി അറിയിക്കും.
വനംവകുപ്പിന്‍റെ കുങ്കിയാനയായ അഗസ്ത്യനെ ഉപയോഗിച്ച് നടന്ന ആദ്യപരീക്ഷണം വിജയമായിരുന്നെന്ന് ദിനേഷ് ഐടി സിസ്റ്റം ഓപ്പറേഷൻസ് വിഭാഗം ഹെഡ് അഭിലാഷ് രവീന്ദ്രൻ പറഞ്ഞു. മൃഗങ്ങളുടെ യഥാർഥ ലൊക്കേഷൻ ജിപിഎസ് കോർഡിനേറ്റസ് എന്നിവ സഹിതം ലഭ്യമാകും. പന്നിമട വനമേഖലയിൽ 4 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. സംവിധാനത്തിന്‍റെ കാര്യക്ഷമത ഉറപ്പാക്കിയ ശേഷം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
Be the first to comment