പത്തുമാസത്തിനകം ഇന്ത്യ എഐ മോഡല്‍ വികസിപ്പിക്കും; ചട്ടക്കൂടിന് രൂപം നല്‍കിയതായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: അടുത്ത 10 മാസത്തിനുള്ളില്‍ തദ്ദേശീയമായി എഐ മോഡല്‍ വികസിപ്പിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഇതിനായുള്ള ചട്ടക്കൂടിന് രൂപം നല്‍കി. ഇന്ത്യന്‍ സാഹചര്യവും സംസ്‌കാരവും നിലനിര്‍ത്തുന്ന എഐ മോഡലുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇന്ത്യ എഐ മിഷനെ കുറിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

‘അടുത്ത പത്തു മാസത്തിനുള്ളില്‍ രാജ്യത്തെ ഭാഷാ മോഡല്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ ഒരു ചട്ടക്കൂടിന് രൂപം നല്‍കി. ഇന്ന് അത് ആരംഭിക്കുകയാണ്. ഇന്ത്യന്‍ സാഹചര്യവും സംസ്‌കാരവും നിലനിര്‍ത്തുന്ന എഐ മോഡലുകള്‍ നിര്‍മ്മിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ഇന്ത്യയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഭാഷാ മോഡല്‍ സൃഷ്ടിക്കുന്നതിന് 18,693 ജിപിയുകള്‍ വാങ്ങിയ ഇന്ത്യ എഐ കമ്പ്യൂട്ട് ഫെസിലിറ്റി ഈ പദ്ധതിയെ പിന്തുണയ്ക്കും’- അദ്ദേഹം പറഞ്ഞു.

‘രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ ആഗോള മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്ത് ഇന്ത്യയുടെ എഐ കഴിവുകള്‍ക്ക് വൈഷ്ണവ് ഊന്നല്‍ നല്‍കി.”ചൈനയുടെ ഡീപ്സീക്ക് എഐ 2,000 ജിപിയുകളെയാണ് അടിസ്ഥാനമാക്കിയത്. ചാറ്റ്ജിപിടി 25,000 ജിപിയുകളെയാണ് ആശ്രയിച്ചത്. ഇപ്പോള്‍ ഞങ്ങള്‍ക്ക് 15,000 ഹൈ-എന്‍ഡ് ജിപിയുകള്‍ ലഭ്യമാണ്. നമ്മുടെ എഐ അഭിലാഷങ്ങളെ പിന്തുണയ്ക്കാന്‍ കഴിയുന്ന ശക്തമായ ഒരു കമ്പ്യൂട്ട് ഫെസിലിറ്റി ഇന്ത്യയിലിപ്പോള്‍ ഉണ്ട്’- അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.

‘സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷകര്‍, ഡെവലപ്പര്‍മാര്‍ എന്നിവര്‍ക്ക് ആക്സസ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന 18,000 ജിപിയുകളുള്ള ഒരു കമ്പ്യൂട്ട് ഫെസിലിറ്റിക്കാണ് തുടക്കമിട്ടത്. ഏകദേശം 10,000 ജിപിയുകള്‍ ഇതിനകം പ്രവര്‍ത്തനക്ഷമമാണ്. എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഈ സൗകര്യം ലഭ്യമാകും. ഈ സംരംഭത്തിനായുള്ള ജിപിയു ദാതാക്കളില്‍ ജിയോ പ്ലാറ്റ്ഫോമുകള്‍, ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, യോട്ട, നെക്സ്റ്റ്‌ജെന്‍ ഡാറ്റ സെന്റര്‍ എന്നിവ ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യത്തിന് അനുസൃതമായി തദ്ദേശീയമായി ഒരു എഐ മോഡല്‍ വികസിപ്പിക്കുക എന്നതാണ് ഇന്ത്യ എഐ മിഷന്റെ ഒരു പ്രധാന ലക്ഷ്യം. അല്‍ഗോരിതം കാര്യക്ഷമതയോടെ, വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നമുക്ക് ഈ മോഡലുകള്‍ സൃഷ്ടിക്കാന്‍ കഴിയും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നമുക്ക് ലോകോത്തര അടിസ്ഥാന എഐ മോഡല്‍ ലഭിക്കും,’- മന്ത്രി പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*