നിര്‍മിത ബുദ്ധിയുപയോഗിച്ചുള്ള സേര്‍ച്ചിങ് ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. സേര്‍ച്ച് ജനറേറ്റീവ് എക്‌സ്പീരിയന്റ്‌സ് അഥവാ എസ്ജിഇ എന്ന് വിളിക്കുന്ന പുതിയ ഫീച്ചര്‍ എഐ ചാറ്റ്‌ബോട്ടുകള്‍ക്ക് സമാനമായ ഒന്നാണ്. ഗൂഗിൾ വെബ്സൈറ്റിലും ആപ്പിലും എസ്ജിഇ ആക്ടിവേറ്റ് ചെയ്താല്‍ ജനറേറ്റീവ് എ ഐയുടെ പിന്തുണയോടെയുള്ള സെർച്ച് ഫലങ്ങൾ ലഭിക്കും.
ഗൂഗിളിന്റെ എസ്ജിഇ അമേരിക്കയ്ക്ക് പുറത്ത് ആദ്യമായി അവതരിപ്പിക്കുന്നത് ഇന്ത്യയിലും ജപ്പാനിലുമാണ്. ഇന്ത്യയില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാകും. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വിഷയങ്ങൾ ഗൂഗിളിനോട് സംഭാഷണ രൂപത്തിൽ ചോദിക്കാവുന്നതാണ്. അതായത് ഉപയോക്താവിന് ഗൂഗിള്‍ സേര്‍ച്ച് വഴി ഗൂഗിളിനോട് അവരുടെ സംശയങ്ങള്‍ ഉന്നയിക്കാം, ഈ ചോദ്യങ്ങള്‍ക്ക് ഗൂഗിള്‍ ചാറ്റിലൂടെ മറുപടി നല്‍കും.
സാധാരണയായി ഗൂഗിളില്‍ തിരച്ചില്‍ നടത്തുമ്പോള്‍ സേര്‍ച്ച് എഞ്ചിനില്‍ വിഷയം അടിച്ച് കൊടുക്കാറാണ് പതിവ്. തുടര്‍ന്ന് സേര്‍ച്ച് എഞ്ചിനില്‍ ലിങ്കുകള്‍ പ്രത്യക്ഷപ്പെടുകയും അതില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുകയും ചെയ്യാം.
എന്നാല്‍ പുതിയ സേര്‍ച്ച് ഫീച്ചര്‍ വ്യത്യസ്തമാണ്. ഒരാള്‍ സേർച്ച് ലാബില്‍ നിന്ന് സേര്‍ച്ച് ജനറേറ്റീവ് എക്‌സ്പീരിയന്റ്‌സ് ഫീച്ചര്‍ തിരഞ്ഞെടുത്താല്‍ ആ വ്യക്തിയ്ക്ക് ഗൂഗിളിനോട് ചോദ്യം ചോദിക്കാം. ഉദാഹരണമായി ‘ഗോവയിലേയ്ക്ക് എങ്ങനെ ട്രിപ് പോകാം?’. ഈ ചോദ്യത്തിന് അനുസൃതമായ ലിങ്കുകള്‍ എസ്ജിഇ നിങ്ങള്‍ക്ക് തരുന്നു. അതിന് താഴെ നിങ്ങള്‍ക്ക് വീണ്ടും ചോദ്യങ്ങള്‍ ചോദിച്ച് മുന്നോട്ടുപോകാവുന്നതാണ്. സാധാരണയായി ചാറ്റ് ചെയ്യുന്ന വിധത്തിലായിരിക്കും ഇതിന്റെ ഫീച്ചര്‍ വരിക. ഗൂഗിൾ ഡോട്.കോം വെബ്സൈറ്റ് വഴിയോ ഫോണിലെ ഗൂഗിൾ ആപ്പിലുള്ള സേർച് ലാബ്സ് ഐക്കണില്‍ ക്ലിക്ക് ചെയ്തോ എസ്ജിഇ ആക്ടിവേറ്റ് ചെയ്യാം.
വരും ദിവസങ്ങളില്‍, ചോദ്യങ്ങള്‍ ടൈപ്പ് ചെയ്യുന്നതിന് പകരം സംസാരിക്കുന്നതിനായി മൈക്രോഫോണ്‍ ഐക്കണും ഫീച്ചറില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം.
Be the first to comment