എ ഐ നൈപുണ്യം പ്രധാന യോഗ്യതയാകുന്നു, സാങ്കേതിക ജ്ഞാനമില്ലാത്ത ജീവനക്കാരെ തൊഴിലുടമകൾ ആഗ്രഹിക്കുന്നില്ല; റിപ്പോർട്ട്

നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – എഐ) എന്ന പുതിയ സാങ്കേതികവിദ്യ വളരെ പെട്ടെന്നാണ് ലോകം കീഴടക്കിയത്. ഇപ്പോൾ എല്ലാ മേഖലകളിലും ഈ സാങ്കേതികവിദ്യ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ തൊഴിലുടമകള്‍ എ ഐ നൈപുണ്യമില്ലാത്ത ആളുകളെ ജോലിക്കെടുക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. മൈക്രോസോഫ്റ്റിൻ്റെയും ലിങ്ക്ഡ്ഇന്നിൻ്റെയും 2024ലെ വർക്ക് ട്രെൻഡ് ഇൻഡക്സ് വാർഷിക റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള ആളുകളുടെ ജോലി, നേതൃത്വം, നിയമനം എന്നിവയെ എഐ സ്വാധീനിക്കുന്നുണ്ട്.

‘എ ഐ അറ്റ് വർക്ക് ഈസ് ഹിയർ. നൗ കംസ് ദി ഹാർഡസ്റ് പാർട്ട്’ എന്ന തലക്കെട്ടിൽ പുറത്തിറങ്ങിയ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ എഐ ഉപയോഗം ഏകദേശം ഇരട്ടിയായി വർധിച്ചതായി റിപ്പോർട്ട് അവകാശപ്പെടുന്നു. 31 രാജ്യങ്ങളിലായി 31,000 ആളുകളെ ഉൾപ്പെടുത്തിയുള്ള സർവേ, ലിങ്ക്ഡ്ഇന്നിലെ തൊഴിൽ, നിയമന പ്രവണതകൾ, കോടിക്കണക്കിന് മൈക്രോസോഫ്റ്റ് 365 പ്രൊഡക്ടിവിറ്റി സിഗ്നലുകൾ, ഫോർച്യൂൺ 500 ഉപഭോക്താക്കളുമായുള്ള ഗവേഷണം എന്നിവയെ അടിസ്ഥാനമാക്കിയാണ്.

ലോകമെമ്പാടുമുള്ള നോളെജ് വർക്കേഴ്സിൽ 75 ശതമാനവും ജോലിസ്ഥലത്ത് എഐ ഉപയോഗിക്കുന്നതായി ഗവേഷണം കണ്ടെത്തി. ജോലിയുടെ വേഗതയും അളവും നിലനിർത്താൻ പാടുപെടുന്ന ജീവനക്കാർ, എഐ സമയം ലാഭിക്കുന്നു, സർഗ്ഗാത്മകത വർധിപ്പിക്കുന്നു, അവരുടെ ഏറ്റവും പ്രധാനപ്പെട്ട ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരെ അനുവദിക്കുന്നു എന്നീ കാര്യങ്ങൾ വിശ്വസിക്കുന്നു.

79 ശതമാനം തൊഴിൽ മേധാവികളും മത്സരാത്മകമായി തുടരുന്നതിന് എഐ നിർണായകമാണെന്ന് സമ്മതിക്കുന്നു. എന്നാൽ 59 ശതമാനം പേർ ഇതില്‍ ആശങ്കാകുലരാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഒരുവശത്ത് തങ്ങളുടെ കമ്പനിക്ക് അത് നടപ്പിലാക്കാനുള്ള കാഴ്ചപ്പാടും പദ്ധതികളും ഇല്ലെന്ന് 60 ശതമാനം പേരും അവകാശപ്പെടുന്നു. 78 ശതമാനം എഐ ഉപയോക്താക്കളും അവരുടെ സ്വന്തം ടൂളുകൾ പ്രവർത്തനത്തിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ഗവേഷണം നാലു തരം എ ഐ ഉപയോക്താക്കളെ കണ്ടെത്തി. അപൂർവ്വമായി എ ഐ ഉപയോഗിക്കുന്ന ആളുകൾ മുതൽ അത് വ്യാപകമായി ഉപയോഗിക്കുന്ന ഉപയോക്താക്കൾ വരെ.

 എഐ അമിതമായ ജോലിഭാരം ഇല്ലാതാക്കുകയും ജോലി കൂടുതൽ ആസ്വാദ്യകരവുമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു എന്നാണ് 90 ശതമാനത്തിലധികം ഉപയോക്താക്കളും പറയുന്നത്. എന്നാൽ അവർ എഐ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം തങ്ങളുടെ മേധാവികളിൽ നിന്നാണ് 61 ശതമാനത്തിൽ കൂടുതല്‍ ജീവനക്കാരും തിരിച്ചറിഞ്ഞിട്ടുള്ളത്. എഐ ജീവനക്കാരുടെ ക്ഷമത വര്‍ധിപ്പിക്കാന്‍ എങ്ങനെ ഉപയോഗിക്കാമെന്നത് കണ്ടെത്താൻ കമ്പനി പ്രോത്സാഹനം നല്‍കാനും തയ്യാറാണ്.

പ്രൊഫഷണലുകളുടെ പ്രൊഫൈലുകളിൽ എഐ കഴിവുകൾ ചേർക്കുന്നതിൽ ലിങ്ക്ഡ്ഇന്നിൽ ഗണ്യമായ വർധനവാണ് ഉണ്ടായിട്ടുള്ളത്. മറുവശത്ത്, മിക്ക മേധാവികളും എഐ വൈദഗ്ധ്യമില്ലാതെ ഒരു ജീവനക്കാരനെ നിയമിക്കില്ലെന്നും അവകാശപ്പെടുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*