എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകേണ്ടവരും ആഭ്യന്തര യാത്രക്കാരും പ്രതിസന്ധിയിലാണെന്നും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കെ സി വേണുഗോപാല്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

രാജ്യത്തെ ഭൂരിഭാഗം മധ്യവര്‍ഗ്ഗത്തിൻ്റെയും യാത്രാ മാര്‍ഗമാണ് എയര്‍ ഇന്ത്യ. ഗള്‍ഫ് രാജ്യങ്ങളിലെ ഭൂരിഭാഗം ഇന്ത്യക്കാരും ആശ്രയിക്കുന്നത് എയര്‍ ഇന്ത്യയെയാണ്. ജീവനക്കാരുടെ സമരം യാത്രക്കാരെ ബുദ്ധിമുട്ടിച്ചുവെന്നും കെ സി വേണുഗോപാല്‍ കേന്ദ്ര മന്ത്രിയെ അറിയിച്ചു.

70 ലധികം വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ ഇന്ന് റദ്ദാക്കിയത്. കണ്ണൂര്‍, നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളിലാണ് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയെടുക്കുകയായിരുന്നു. 200ലധികം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ സിക്ക് ലീവ് എടുക്കുകയായിരുന്നു. തുടര്‍ന്ന് ഫ്‌ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ക്ഷമ ചോദിച്ചു.

ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പറഞ്ഞു. മാറ്റം അംഗീകരിക്കാനാവാത്ത ഒരു വിഭാഗമാണ് സമരം നടത്തുന്നത്. സീനിയര്‍ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് നിയമവിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നത്. എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് റദ്ദാക്കല്‍ വിഷയം പരിശോധിക്കുന്നതായി വ്യോമയാന മന്ത്രാലയം വൃത്തങ്ങളും അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*