കേരളം ആവശ്യപ്പെട്ടിരുന്ന എയിംസ് ബജറ്റിൽ ഇല്ല ; എൻ.കെ പ്രേമചന്ദ്രൻ

കേന്ദ്ര ബജറ്റിന്റെ പൊതു സ്വഭാവം പരിശോധിച്ചാൽ ഇന്ത്യൻ പ്രതിപക്ഷം മുന്നോട്ടുവച്ച പ്രശ്നങ്ങൾ സാധൂകരിക്കുന്നതാണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. ഈ സർക്കാർ നായിഡുവിനെയും നിതീഷിനെയും ആശ്രയിച്ചു കഴിയുന്നതാണ്. രാജ്യത്തിന്റെ പൊതു ബജറ്റിന്റെ ഘടനയ്ക്ക് വിരുദ്ധമായാണ് ബജറ്റ്.

സങ്കുചിത രാഷ്ട്രീയത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ മാത്രം. ആനുകൂല്യങ്ങൾ പരിശോധിച്ചാൽ പുതുതായി ഒന്നുമില്ല. ബീഹാറിനെയും ആന്ധ്രയും കബളിപ്പിക്കുവാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. കേരളത്തിൽനിന്ന് ഒരു പാർലമെന്റ് അംഗത്തെ കൊടുത്താൽ, ഒരു വികസിത സംസ്ഥാനമായി മാറുമെന്ന് കേന്ദ്രം പറഞ്ഞിരുന്നു. കേരളത്തിന്റെ പേര് പോലും ബജറ്റിൽ പരാമർശിച്ചിട്ടില്ല. ദീർഘകാലമായി കേരളം ആവശ്യപ്പെട്ടിരുന്ന എയിംസ് ബജറ്റിൽ ഇല്ല.

സംസ്ഥാനത്തിന്റെ ആവശ്യങ്ങളിൽ ഒന്നും തന്നെയില്ല. ബിജെപി ഇതര സംസ്ഥാനങ്ങളോട് ചിറ്റമ്മനയമാണ് സ്വീകരിച്ചത്. ജോലി ലഭിക്കുന്നതിന് ശേഷമുള്ള ആനുകൂല്യങ്ങളെക്കുറിച്ച് പറഞ്ഞു. ജോലി നൽകുന്നതിനെക്കുറിച്ചില്ല. പുതിയ തൊഴിൽ അവസരങ്ങൾ പ്രഖ്യാപിക്കുവാനുള്ള പദ്ധതികളും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രളയ ആശ്വാസ പദ്ധതികളിൽ തമിഴ്നാടോ കർണാടകമോ കേരളമോ ഇല്ലെന്നും അദ്ദേഹം വിമർശിച്ചു.

കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് വീണ്ടും നിരാശയാണ് ഉണ്ടായിരിക്കുന്നത് . കേരളത്തിന്റെ ആവശ്യങ്ങളിൽ പ്രഖ്യാപനങ്ങളൊന്നമുണ്ടായില്ല. കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് പുതിയ ടൂറിസം പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല.

പ്രളയ ദുരിതം നേരിടാനുള്ള സഹായ പ്രഖ്യാപനങ്ങളിലും കേരളത്തിനെ ഉൾപ്പെടുത്തിയിട്ടില്ല. ബിഹാ‍‍ർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*