ഒരുപാടാളുകളെ ബാധിക്കുന്ന ദുരന്തങ്ങളുണ്ടാകുമ്പോൾ ഏറ്റവും അവശ്യസംവിധാനമാണ് ആശുപത്രികൾ. അപകടം നടന്ന സ്ഥലങ്ങളിൽ നിന്ന് ആശുപത്രികളിലേക്കുള്ള ദൂരവും അവിടേക്ക് എത്തിപ്പെടാനുള്ള സമയവും മരണ സംഖ്യ കൂടുന്നതിന് കാരണമാകാറുമുണ്ട്. അങ്ങിനെയെങ്കിൽ ദുരന്തമുഖത്തേക്ക് എത്തിക്കാവുന്ന പൂർണ്ണസജ്ജമായ ആശുപത്രികളുണ്ടെങ്കിലോ, അത് ബാധിക്കപ്പെട്ടവർക്ക് വലിയ കൈത്താങ്ങാണ്.
ഇങ്ങനെ ടെക്നോളജിയുടെ എല്ലാ സാധ്യതതകളും ഉപയോഗിക്കുന്നത് തന്നെയാണ് ഇന്ത്യയുടെ രക്ഷാപ്രവർത്തന സംവിധാനം. കാടായാലും മലയായാലും ദ്വീപായാലും എവിടെയും എത്തിക്കാവുന്ന സംവിധാനം ഇന്ന് ഇന്ത്യയുടെ പക്കലുണ്ട്. മണിക്കൂറുകൾകൊണ്ട് മുണ്ടക്കൈയിൽ സൈന്യം നിർമ്മിച്ച ബെയ്ലി പാലം പോലെ, ആകാശത്തുനിന്ന് ഭൂമിയിലേക്ക് ഇട്ട് വെറും 12 മിനുട്ട് കൊണ്ട് വികസിപ്പിക്കാവുന്നതാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് സ്വന്തമായ പോർട്ടബിൾ ആശുപത്രി, ആരോഗ്യ മൈത്രി ക്യൂബ്.
അടിയന്തര സാഹചര്യമുണ്ടായാൽ എവിടെയും ഏത് സമയത്തും നിമിഷ നേരംകൊണ്ട് സ്ഥാപിക്കാവുന്നതാണ് ഈ ക്യൂബ്. ലോകത്തിലെ തന്നെ ആദ്യത്തെ പോർട്ടബിൾ ആശുപത്രിയെന്ന പ്രത്യേകതയും മൈത്രി ക്യൂബിനുണ്ട്. പ്രൊജക്ട് ഭീഷ്മ (Bharat Health Initiative for Sahyog Hita and Maitri) എന്ന പേരിൽ 2022 ലാണ് പോർട്ടബിൾ ആശുപത്രിയുടെ നിർമ്മാണം പ്രഖ്യാപിച്ചത്. ലോകത്താകമാനമുള്ള വികസ്വര രാജ്യങ്ങളിൽ ദുരന്തമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ മൈത്രി സംവിധാനം ഉപയോഗപ്പെടുത്താമെന്ന് 2023 ജനുവരിയിൽ നടന്ന ഗ്ലോബൽ സൗത്ത് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയും ചെയ്തു.
024 മെയ് 14 ന് പോർട്ടബിൾ ആശുപത്രിയുടെ പരീക്ഷണം വ്യോമസേന വിജയകരമായി പരീക്ഷിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിൽ വച്ചായിരുന്നു പോർട്ടബിൾ ആശുപത്രി ആകാശത്തുനിന്ന് തഴേക്കിട്ട് പരീക്ഷണം നടത്തിയത്. 720 കിലോഗ്രാമാണ് പോർട്ടബിൾ ആശുപത്രിയുടെ ഭാരം. 1500 അടി ഉയരത്തിൽ നിന്നാണ് ഇത് ഭൂമിയേക്ക് ഇട്ടത്. ഇതിനായി ആഗ്ര ആസ്ഥാനമായുള്ള എയർ ഡെലിവറി റിസർച്ച് ആൻ്റ് ഡെവെലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് പ്രത്യേകമായി നിർമ്മിച്ച പാരച്യൂട്ടാണ് ഉപയോഗിച്ചത്. താഴെ പതിച്ചാലുടൻ 12 മിനുട്ടിൽ എല്ലാം സജ്ജം.
ക്യൂബിന്റെ ആകൃതിയിൽ അറകളായാണ് നിർമ്മാണം. വാട്ടർപ്രൂഫാണെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഒരേസമയം 200 പേരെ ചികിത്സിക്കാനുമാകും. എയർക്രാഫ്റ്റ് ഉപയോഗിച്ചോ ഡ്രോൺ ഉപയോഗിച്ചോ സൈക്കിളിലോ കൊണ്ടുപോയി ഈ ആശുപത്രിയെ വിന്യസിക്കാം.രണ്ട് വലിയ അറകളും അതിൽ 36 ചെറിയ അറകളുമാണ് ഈ പോർട്ടബിൾ ആശുപത്രിയിലുള്ളത്. അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ രക്ഷാപ്രവർത്തന മെഡിക്കൽ ഉപകരണങ്ങൾ, മറ്റ് സംവിധാനങ്ങൾ എന്നിവ ഇവയിലുണ്ടാകും.
എഐ സംവിധാനവും ഡാറ്റ അനലിറ്റിക്സും ചേർന്നാണ് ആശുപത്രി സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നത്. ഓപറേഷൻ തിയേറ്റർ, എക്‌സ്‌റേ മെഷീൻ, രക്ത പരിശോധനക്കുള്ള ഉപകരണങ്ങൾ, വെന്റിലേറ്ററുകൾ, അടക്കമുള്ള സൗകര്യങ്ങൾ ഇതുവഴി ഉപയോഗപ്പെടുത്താനാകും. ഒന്നര കോടി രൂപയാണ് ഈ പദ്ധതിയുടെ ചെലവ്.
Be the first to comment