എയർ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി; രാജ്യവ്യാപകമായി പണിമുടക്കി ക്യാബിൻ ക്രൂ ജീവനക്കാർ

രാജ്യവ്യാപകമായി പണിമുടക്കി എയർ ഇന്ത്യ എക്സ്പ്രസിലെ ക്യാബിൻ ക്രൂ ജീവനക്കാർ. രാജ്യത്താകെ 250 ഓളം ജീവനക്കാരാണ് പണിമുടക്കുന്നത്. അലവൻസ് കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ പ്രതിഷേധം. കൂട്ടമായി സിക്ക് ലീവ് എടുത്താണ് ജീവനക്കാരുടെ പ്രതിഷേധം.

ജീവനക്കാരുടെ മിന്നൽ പണിമുടക്കിനേക്കുറിച്ച് രണ്ട് മണിക്കൂർ മുൻപ് മാത്രമാണ് അറിഞ്ഞതെന്ന് എയർ ഇന്ത്യ പ്രതികരിച്ചു. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി 12 സർവ്വീസുകളാണ് മുടങ്ങിയത്. വിമാനങ്ങൾ റദ്ദാക്കിയ വിവരം യാത്രക്കാരെ നേരത്തെ അറിയിക്കാതിരുന്നതിനാൽ സാധാരണ രീതിയിൽ യാത്ര പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയ ആളുകൾ രൂക്ഷമായി പ്രതിഷേധിച്ചതോടെ വിമാനത്താവളത്തിൽ സംഘർഷ സമാന സാഹചര്യമാണുണ്ടായത്. കൊച്ചി നെടുമ്പാശേരിയിൽ നിന്നുള്ള നാലും കണ്ണൂരിൽ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്നുള്ള നാല് സർവ്വീസുകളുമാണ് റദ്ദാക്കിയത്. 

കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി, ഷാർജ, മസ്കറ്റ്, ദമാം വിമാനങ്ങളും കണ്ണൂരിൽ നിന്നുള്ള അബുദാബി, മസ്കറ്റ്, ഷാർജ വിമാനങ്ങളും കൊച്ചി വിമാനത്താവളത്തിൽ ഇന്ന് എത്തേണ്ടിയിരുന്ന നാല് വിമാനങ്ങളും തിരുവനന്തപുരത്ത് എത്തേണ്ട ഒരു വിമാനവും റദ്ദാക്കിയിട്ടുണ്ട്. പണിമുടക്ക് ആഭ്യന്തര സർവ്വീസുകളേയും ബാധിച്ചിട്ടുണ്ട്. 

മുന്നറിയിപ്പ് കൂടാതെ വിമാനം റദ്ദാക്കിയതിന്റെ പ്രതിഷേധം എയർ ഇന്ത്യയുടെ സമൂഹമാധ്യമ പേജുകളിൽ് യാത്രക്കാർ രേഖപ്പെടുത്തുന്നുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധമുണ്ടായി, നൂറുകണക്കിന് യാത്രക്കാരാണ് സമരത്തിന് പിന്നാലെ കുടുങ്ങി. അതേസമയം യാത്ര പുനക്രമീകരിക്കുന്നതിനും ടിക്കറ്റ് തുക റീഫണ്ട് ചെയ്യാനും അവസരമുണ്ടാകുമെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. 

 

 

Be the first to comment

Leave a Reply

Your email address will not be published.


*