എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും സാധാരണനിലയില്‍ നടക്കില്ല

ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ മുടങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്നുള്ള അഞ്ച് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഷാര്‍ജ, ദുബായ്, ദമ്മാം, റിയാദ്, അബുദാബി സര്‍വീസുകളാണ് റദ്ദാക്കിയത്. ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും പൂര്‍ണതോതില്‍ സര്‍വീസുകള്‍ ഉടനടി പുനരാരംഭിക്കുക എന്നത് പ്രായോഗികമല്ലെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്.

വിമാനയാത്രയ്ക്ക് മുന്‍പുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നതിനാലാണ് പത്ത് സര്‍വീസുകളില്‍ അഞ്ചെണ്ണം റദ്ദാക്കിയിരിക്കുന്നത്. ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ സാധാരണ പോലെ നടന്നേക്കില്ല. എത്രയും വേഗം സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വാര്‍ത്താക്കുറിപ്പിറക്കി. ഇന്ന് യാത്ര ചെയ്യേണ്ടവര്‍ സര്‍വീസ് ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ വിമാനത്താവളത്തിലെത്താവു എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ജീവനക്കാരുടെ സമരം മൂലം 180 ഓളം സര്‍വീസുകളാണ് രണ്ട് ദിവസത്തിനിടെ മുടങ്ങിയത്. ഇന്നലെ ലേബര്‍ കമ്മീഷന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് സമവായം ആയത്. സമരം ചെയ്തവരെ പിരിച്ച് വിട്ട നടപടി കമ്പനി പിന്‍വലിക്കാന്‍ തയ്യാറായി. സമരക്കാരുടെ ആവശ്യങ്ങളില്‍ ഉടനടി നടപടി എടുക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*