ദില്ലിയിൽ വായു മലിനീകരണം അപകടാവസ്ഥയിലേക്ക്

ദില്ലി: ദില്ലിയിൽ വായുമലിനീകരണം അപകടാവസ്ഥയിലേക്ക്. വായു ഗണനിലവാര സൂചിക  അഞ്ഞൂറിനടുത്തെത്തി. സാഹചര്യം ഗുരുതരമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടിയന്തര യോഗം വിളിച്ചു. പകൽ സമയങ്ങളിൽ പോലും കാഴ്ച്ച മറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി വായുഗുണനിലവാര സൂചിക 450 ആയിരുന്നുവെങ്കിൽ, ഇന്ന് രാവിലെ 480 കടന്നു. സൂചികയിൽ  100 കടന്നാൽ തന്നെ ഗുരുതരമാകുന്ന സാഹചര്യത്തിലാണിത്. ആർ കെ പുരത്തും ജഹാംഗിർപുരിയിലുമെല്ലാം സ്ഥിതി അതീവഗുരുതരമാണ്. മലിനീകരണം ചെറുക്കാൻ  നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ് ദില്ലി സര്‍ക്കാര്‍.

അപകടകരമായ സാഹചര്യം കണക്കിലെടുത്ത് പ്രൈമറി സ്കൂളുകൾ നവംബർ പത്തുവരെ പ്രവർത്തിക്കില്ല. ആറു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താം. അവശ്യ സാധനങ്ങളുമായെത്തുന്ന വാഹനങ്ങളൊഴികെ നിരത്തിലിറങ്ങുന്നതിനും നിയന്ത്രണമുണ്ട്. സമീപ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാണ്. കാർഷിക അവശിഷ്ടങ്ങള് കത്തിക്കുന്നത് നിയന്ത്രിക്കാൻ എടുത്ത ശ്രമങ്ങൾ ഗുണം കണ്ടില്ല. ദീപാവലി കൂടെ എത്തുന്നതോടെ സ്ഥിതി ഗുരുതരമാകുമെന്നാണ് ആശങ്ക. 

മുൻകാലങ്ങളേക്കാൾ മലിനീകരണം കൂടിയതിനാൽ കടുത്ത നിയന്ത്രണങ്ങളിലേക്കാകും വരും ദിവസങ്ങളിൽ സർക്കാർ നീങ്ങുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*