തിരുവനന്തപുരം: ഇന്ധനം നിറയ്ക്കാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ശേഷം സാങ്കേതിക തകരാർ കണ്ടതിന് പിന്നാലെ വിമാനം തുടര്‍യാത്ര റദ്ദാക്കി. ഇന്തോനേഷ്യയില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പോയ ലയണ്‍ എയര്‍ വിമാനമാണ് തിരുവനന്തപുരത്ത് വെച്ച് യാത്ര റദ്ദാക്കിയത്. തുടര്‍ന്ന് മറ്റൊരു വിമാനം ഇന്തോനേഷ്യയില്‍ നിന്ന് എത്തിച്ചാണ് യാത്ര തുടര്‍ന്നത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഇന്തോനേഷ്യയില്‍ നിന്ന് ജിദ്ദയിലേക്കുള്ള ലയണ്‍ എയര്‍ വിമാനം ഇന്ധനം നിറയ്ക്കാനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. എന്നാല്‍ ഇവിടെ വെച്ച് വിമാനത്തിന് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടു. 212 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ വിമാനത്താവളത്തില്‍ നിന്നിറക്കി സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയിലേക്ക് മാറ്റി. യാത്രക്കാര്‍ക്ക് വിശ്രമിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യം വിമാന കമ്പനി ഏര്‍പ്പെടുത്തിയിരുന്നു. ബുധനാഴ്ച രാവിലെയോടെ വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചെങ്കിലും ഇന്തോനേഷ്യയില്‍ നിന്ന് മറ്റൊരു വിമാനം എത്തിച്ച ശേഷം യാത്ര തുടരാനായിരുന്നു ലയണ്‍ എയര്‍ കമ്പനിയുടെ തീരുമാനം. തുടര്‍ന്ന് പകരം വിമാനം എത്തിച്ച് ബുധനാഴ്ച വൈകുന്നേരം 4.10ഓടെ ജിദ്ദയിലേക്ക് പുറപ്പെടുകയായിരുന്നു.
Be the first to comment