ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയം കുറിച്ച ‘അജയന്‍റെ രണ്ടാം മോഷണം’ ഒ.ടി.ടിയിലേക്ക്; നവംബര്‍ എട്ടിന് റിലീസ്

തിയേറ്ററില്‍ ദൃശ്യവിസ്‌മയം തീര്‍ത്ത ടൊവിനോ തോമസ് മൂന്നു ഗെറ്റപ്പുകളില്‍ എത്തിയ ചിത്രമാണ് ‘അജയന്‍റെ രണ്ടാം മോഷണം’. ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയമെഴുതിയിരിക്കുന്ന ഈ ചിത്രം ഒ .ടി .ടിയില്‍ എപ്പോഴെത്തുമെന്ന് ഉറ്റുനോക്കുകയായിരുന്നു സിനിമ പ്രേമികള്‍.

ജിതിന്‍ ലാല്‍ സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് നവാഗതനായ സുജിത്ത് നമ്പ്യാരാണ്. മാജിക് ഫ്രെയിംസാണ് ചിത്രം നിര്‍മിച്ചത്.

മലയാളം , ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുഗു, കന്നഡ എന്നിങ്ങനെ ആറു ഭാഷകളില്‍ തിയേറ്ററുകളിലെത്തിയ ഈ ചിത്രത്തിന് ആഗോളതലത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴും ‘അജയന്‍റെ രണ്ടാം മോഷണം’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

113 കോടി രൂപയ്ക്ക് മുകളില്‍ ചിത്രം ഇതിനോടകം നേടി എന്നാണ് റിപ്പോര്‍ട്ട്. ടൊവിനോ തോമസിന്‍റെ ആദ്യ 100 കോടി ചിത്രമാണിത്. പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരിലും തിയേറ്ററുകളില്‍ തന്നെ സിനിമ കാണാന്‍ തീരുമാനിച്ചത് അജയന്‍റെ രണ്ടാം മോഷണം എന്ന ചിത്രത്തിന് ഏറെ ഗുണം ചെയ്‌തു. നേരത്തെ ചിത്രത്തിന്‍റെ പൈറേറ്റഡ് കോപ്പി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ചിത്രത്തിന്‍റെ കളക്ഷനെ ബാധിച്ചിരുന്നില്ല.

ഇപ്പോഴിതാ ആകാംക്ഷ നിറച്ചുകൊണ്ട് ‘അജയന്‍റെ രണ്ടാം മോഷണം’ തിയേറ്ററില്‍ നിന്നും ഒ.ടി.ടിയിലേക്ക് എത്തുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്‌റ്റാറിലൂടെയാണ് ‘അജയന്‍റെ രണ്ടാം മോഷണം’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. നവംബര്‍ എട്ടിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്‌മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, കബീര്‍ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

മാജിക് ഫ്രെയിംസ്, യുജിഎം മോഷന്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍, ഡോ.സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. മനു മൻജിത്തിന്‍റെ ഗാനരചനയില്‍ ദീപു നൈനാന്‍ തോമസാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ദീപു പ്രദീപാണ് അഡിഷണല്‍ സ്‌ക്രീന്‍പ്ലേ നിര്‍വഹിച്ചിരിക്കുന്നത്. സ്‌റ്റണ്ട് – ഫീനിക്‌സ്‌ പ്രഭു, വിക്രം മോർ, മേക്കപ്പ് – റോണക്‌സ്‌ സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി, പ്രൊഡക്ഷൻ ഡിസൈൻ – ഗോകുൽ ദാസ്, പിആർ – മഞ്ജു ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

 

Be the first to comment

Leave a Reply

Your email address will not be published.


*