ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച വ്യക്തിപരമെന്ന് അജിത് കുമാര്‍ ; മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം : ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തി. പോലീസ് ആസ്ഥാനത്ത് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് മൊഴി രേഖപ്പെടുത്തിയത്. കൂടിക്കാഴ്ച വ്യക്തിപരമാണെന്നാണ് എഡിജിപി പറഞ്ഞത്.

സുഹൃത്തായ എ ജയകുമാറാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രയ ഹൊസബാളെയെ പരിചയപ്പെടുത്താന്‍ ക്ഷണിച്ചതെന്നും എം ആര്‍ അജിത് കുമാര്‍ പറഞ്ഞു. ആര്‍എസ്എസ് നേതാവ് രാം മാധവുമായുള്ള കൂടിക്കാഴ്ച ഒരു മാധ്യമത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള പരിചയപ്പെടല്‍ മാത്രമായിരുന്നുവെന്നുമാണ് വിശദീകരണം.

പോലീസ് ആസ്ഥാനത്ത് അജിത് കുമാറിന്റെ മൊഴിയെടുക്കല്‍ ആറര മണിക്കൂര്‍ നീണ്ടു. ഡിജിപിക്ക് പുറമെ അന്വേഷണ സംഘത്തിലുള്ള ഐജി ഡി സ്പര്‍ജന്‍ കുമാറും ഉണ്ടായിരുന്നു. അജിത് കുമാറിന്റെ

കൂടിക്കാഴ്ചയ്ക്കു മധ്യസ്ഥത വഹിച്ച ആര്‍എസ്എസ് നേതാവ് ജയകുമാറിന്റെ മൊഴിയും രേഖപ്പെടുത്തും. ജയകുമാറിന് പുറമെ ആര്‍എസ്എസുമായി ബന്ധപ്പെട്ട കൂടുതല്‍ പേര്‍ക്ക് നോട്ടീസ് നല്‍കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം തീരുമാനിച്ചിട്ടില്ല.

ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് എഡിജിപിക്കെതിരെ അനേഷണത്തിന് കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി ഡിജിപിക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ആര്‍എസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബാളെ, റാം മാധവ് എന്നിവരുമായി 2023ല്‍ ദിവസങ്ങളുടെ ഇടവേളയില്‍ എഡിജിപി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണമാണ് ഉയര്‍ന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*