മലപ്പുറം: അൻവറിനെ മഹത്വവത്കരിക്കാൻ പ്രതിപക്ഷം ശ്രമിക്കരുതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. സർക്കാർ ഓഫിസ് തകർത്തല്ല ജനപ്രതിനിധി സമരം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘കരുളായി വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടത് ഏറെ ദുഖകരമാണ്.
വനത്തിൽ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് സാധാരണ നഷ്ടപരിഹാരം കൊടുക്കാറില്ല. എന്നാൽ ഇവിടെ സർക്കാർ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നിയമപരമായ എല്ലാ ആനുകൂല്യങ്ങളും ആ കുടുംബത്തിന് നൽകുന്നതായിരിക്കും. ആദ്യ ഗഡു നൽകാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്. ആ പ്രദേശത്തുകാർക്ക് വിഷമം ഉണ്ടാകും, എന്നാൽ അവർ അക്രമാസക്തരായില്ല.
പിന്നീട് കുറേ നേരം കഴിഞ്ഞാണ് പ്രതിഷേധങ്ങൾ ഉണ്ടാകുന്നത്. ഇത്തരം സംഭവങ്ങളിലെ, പ്രതിഷേധം സർക്കാർ ഗൗരവമായി കാണാറുണ്ട്. എന്നാൽ പൊതുമുതൽ നശിപ്പിച്ചുള്ള സമരം അംഗീകരിക്കാനാവില്ല. അൻവറിനെ അറസ്റ്റ് ചെയ്തതിൽ ഒരു ഇടപെടലുമില്ലെന്നും’ മന്ത്രി പറഞ്ഞു.
Be the first to comment