ഫ്ലോറിഡയിലെ ഡെൽറ്റ എയർലൈൻസിൽ പൈലറ്റ്, ഹോളിവുഡിലെ അഭിനേതാവ്. തിരുവനന്തപുരം സ്വദേശിയും ഫ്ലോറിഡയിലെ മയാമി നിവാസിയുമായ അഖിൽ സാം വിജയ് ആണ് ഈ കൗതുകമുള്ള ജീവിതത്തിന്റെ ഉടമ. നടൻ റഹ്മാന്റെ ലുക്കും പൊക്കവുമുള്ള അഖിലിന് ‘ഭയ്യാ ഭയ്യാ’ എന്ന ജോണി ആന്റണി ചിത്രത്തിൽ മുഖം കാണിക്കാനൊരവസരം കിട്ടിയതാണ് സിനിമ ലോകത്തേക്കുള്ള എൻട്രി. പിന്നീട് ഒരു പിടി മലയാള സിനിമകളിൽ സജീവമായി തുടങ്ങിയപ്പോഴേക്കും കൊമേഴ്സ്യൽ പൈലറ്റ് ട്രെയിനിങ്ങിനായി ഡൽഹിയിലേക്ക്, പിന്നീട് പഠനത്തിനും ജോലിക്കുമായി അമേരിക്കയിലേക്ക്.
ഡെൽറ്റ എയർലൈൻസിലെ ജോലിയിൽ വ്യാപൃതനായതോടെ സിനിമയൊക്കെ പതുക്കെ മറന്നുതുടങ്ങിരിക്കെയാണ് ‘അപോകാലിപ്റ്റോ’ എന്ന മലയാള ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നത്. തുടർന്ന് പല അഭിനയ പരിശീലനക്കളരികളുടെ ഭാഗമാവുകയും അമേരിക്കയിലെ ടെലിവിഷൻ-റേഡിയോ കലാകാരന്മാരുടെ സംഘടനയായ SAG-AFTRA യിൽ അംഗത്വം നേടുകയും ചെയ്തു. ആ സമയത്താണ് എഡ്വേഡ് നമ്മൂരിന്റെ ‘ഹോം ഡിപ്പോ’ എന്ന പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നത്, അമേരിക്കൻ ബിൽ ബോർഡുകളിൽ തന്റെ മുഖം മിന്നി മറയുന്നത് ആവേശമായി.
2023 ൽ കെല്ലി കാലി ഒരുക്കിയ ‘ജാഗ്ഡ് മൈൻഡ്’ എന്ന ചിത്രത്തിലൂടെ സാക്ഷാൽ ഹോളിവുഡ്ഡിൽ തുടക്കം. സൈക്കോളജിക്കൽ ത്രില്ലറായ ചിത്രം ഹുലു എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത്. മയാമി ഫിലിം ഫെസ്റ്റിനിടെ ഹോളിവുഡ് നടൻ നിക്കോളാസ് കേജിനെ കണ്ടുമുട്ടിയതും സംസാരിക്കാനായതും ഇപ്പോഴും സ്വപ്നം പോലെയാണ് അഖിലിന്. ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് എന്ന് ധരിച്ചിരുന്ന നിക്കോളാസ് കേജിനോട് മലയാള സിനിമകളെയും മോളിവുഡ്ഡിനെയും പറ്റി സംസാരിച്ചതും മനസിന്റെ ഓട്ടോഗ്രാഫിൽ പകർത്തിവെച്ചു ആ ചെറുപ്പക്കാരൻ .
പല ഓഡിഷനുകളിലും ഏറെ ആവേശത്തോടെ പങ്കെടുത്തതും അഖിലിന്റെ അഭിനയശേഷി തേച്ചുമിനുക്കി. ഒരു സീൻ തന്ന് അത് കൃത്യമായി എങ്ങനെ പ്രതിഫലിപ്പിക്കണം എന്ന് മനസിലാക്കിത്തരുന്നത് ഹോളിവുഡ് ഓഡിഷനുകളുടെ പ്രത്യേകതയാണെന്ന് അഖിൽ പറയുന്നു. സിനിമയിൽ ഇൻ ആയാലും ഔട്ട് ആയാലും ഒഡിഷന് എത്തുന്ന ആളുടെ പ്രകടനം തലനാരിഴ കീറി വിലയിരുത്തി മെച്ചപ്പെടലിന് വേണ്ട മാർഗനിർദേശങ്ങളും നൽകിയാണ് ഓഡിഷൻ ക്രൂ പറഞ്ഞയക്കുക.
എറിക്ക ഡണ്ടനും മാർക്കോസ് സീഗയും ചേർന്ന് സംവിധാനം ചെയ്ത് വാർണർ ബ്രോസ് പ്രൊഡക്ഷനിൽ വന്ന ‘ബാഡ് മങ്കി’ എന്ന വെബ് സീരീസിലായിരുന്നു അടുത്ത വേഷം. അഭിനയിച്ചതോ പ്രശസ്ത നടൻ വിൻസ് വോണിനൊപ്പവും. ഇന്ത്യയിലടക്കം റിലീസ് ചെയ്ത വിൽ സ്മിത്ത് ചിത്രം ‘ബാഡ് ബോയ്സി’ലെത്തി നിൽക്കുകയാണ് അഖിൽ ഇപ്പോൾ. വിൽ സ്മിത്തിനും മാർട്ടിൻ ലോറൻസിനുമൊപ്പം അഭിനയിക്കാനായതിന്റെ ആവേശത്തിലാണ് അഖിൽ ഇപ്പോൾ. ബാഡ് ബോയ്സിൽ വീമർ എന്ന മയാമി പോലീസ് ഓഫീസറുടെ റോളായിരുന്നു അഖിലിന്. വിൽ സ്മിത്തുമായി കോന്പിനേഷൻ റോളുകളില്ലായിരുന്നെങ്കിലും അദ്ദേഹത്തെ കാണാനായത് പോലും വലിയ അനുഭവമായെന്നാണ് അഖിൽ പറയുന്നത്.
വേതനത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും കാര്യത്തിൽ ഹോളിവുഡ് ടോപ് ക്ലാസ് എന്നാണ് ഇതുവരെയുള്ള അനുഭവത്തിൽ നിന്ന് ഈ നടന്റെ വിലയിരുത്തൽ. എല്ലാവരെയും ഒരുപോലെ കാണുന്നതും എല്ലാവർക്കും ഒരേ പ്രൊഡക്ഷൻ ഭക്ഷണം നൽകുന്നതും അതിവേഗം ഷെഡ്യൂളുകൾ പൂർത്തിയാക്കാനാകുന്നതും പ്രത്യേകതയാണ്. ഒരാൾക്കും ഒട്ടും സമയ നഷ്ടമില്ലാത്ത രീതിയിലുള്ള ഏകോപനവും ഹോളിവുഡ്ഡിനെ ലോക സിനിമയുടെ മോഹവലയത്തിൽ നിർത്തുന്നതിന് കാരണമാകുന്നുണ്ടെന്ന് അഖിൽ പറയുന്നു.
മികച്ച പ്രതിഫലം മറ്റൊരു ആകർഷക ഘടകമാണ്. ഒന്നോ രണ്ടോ ദിവസം കൊണ്ട് പൂർത്തിയാകുന്ന ജോലികൾക്ക് പോലും 35,000 മുതൽ 40,000 ഡോളർ പ്രതിഫലമെന്നത് തുടക്കക്കാർക്ക് പോലും മാന്യമായ ജീവിത നിലവാരം ഉറപ്പുവരുത്തുന്നു. ഒരു സിനിമയിലെ ഓരോ താരത്തിനും ഒരു അസിസ്റ്റന്റ് ഉണ്ടെന്നതും ഹോളിവുഡ്ഡിന്റെ പ്രത്യേകതയാണ്. വലിയ നടനെന്നോ ചെറിയ നടനെന്നോ ജൂനിയർ ആർട്ടിസ്റ്റെന്നോ ഡ്യൂപ്പെന്നോ ഒന്നുമുള്ള വ്യത്യാസം സെറ്റുകളില്ല. ഓരോരുത്തരെയും സെറ്റിൽ പ്രൊഫഷണലായി സഹായിക്കുന്ന ആക്ടർ അസിസ്റ്റുകൾ ജോലി ഏറെ ലളിതവും സുഗമവുമാക്കുന്നുവെന്ന് അഖിൽ. സിനിമയും ആകാശപ്പറക്കലും ബിസിനസും യാത്രയുമൊക്കെയായി മുന്നോട്ടുപോകുന്ന അഖിലിന് ഇനിയും സ്വപ്നങ്ങളേറെയാണ്.
Be the first to comment